ഷാജി ആലുവിള
9846473400

കാട്ടിൽ ഒളിച്ചു വെച്ചിരുന്ന കെണിയിൽ സിംഹ രാജാവ് കുടുങ്ങി. പുറത്തിറങ്ങുവാൻ സാധിക്കാതെ സിംഹം വിഷമിച്ചു നിൽക്കുമ്പോൾ അതുവഴി പോയ പല മൃഗത്തോടും യാചിച്ചു ഒന്നു രക്ഷിക്കാമെന്ന്. ആരും കൂസാതെ കടന്നുപോയി.
വിശന്നു വലഞ്ഞു കിടക്കുമ്പോൾ ഒരു ആട് അതുവഴി വന്നു.
രാജാവ് പറഞ്ഞു: “നീ എന്നെ ഒന്ന് രക്ഷിക്കു ഞാൻ നിന്നെ ഉപദ്രവിക്കില്ല.” ആ വാക്ക് വിശ്വസിച്ച പാവം ആട് സിംഹത്തെ തുറന്നു വിട്ടു.
പുറത്തിറങ്ങിയ സിംഹത്തിന്റെ മട്ട്മാറി. തന്നെ തിന്നും എന്ന് മനസ്സിലാക്കിയപ്പോൾ ആട് കരഞ്ഞപേക്ഷിച്ചു. അപ്പോൾ അവിടേയ്ക്ക് മറ്റ് മൃഗങ്ങൾ എത്തി. സിംഹത്തെ ഭയന്ന് ആരും ഒരഭിപ്രായവും പറഞ്ഞില്ല. ഒടുവിൽ ഒരു കഴുതയെത്തി. അവൻ പറഞ്ഞു എന്താണ് ഇവിടെ സംഭവിച്ചത്. ഒന്നു കാണിക്കാമോ?
പിന്നീട് ഞാൻ പറയാം എന്റെ അഭിപ്രായം. ഇത് കേട്ട് സിംഹം കൂട്ടിനുള്ളിൽ കയറി. കൂട് പൂട്ടുവാൻ ആവശ്യപ്പെട്ടു. ഇങ്ങനെ ഞാൻ ഇതിൽ നിലവിളിച്ചപ്പോൾ ആ ആട് എന്നെ രക്ഷിച്ചു.
കഴുത പറഞ്ഞു: ഇപ്പോൾ ആണ് എനിക്ക് കാര്യങ്ങൾ മനസിലായത്. ഇനി ആരും ഈ കൂട് തുറക്കാനും നിന്നെ രക്ഷിക്കാനും പോകുന്നില്ല. കഴുതയുടെ ബുദ്ധിയിൽ മറ്റെല്ലാവർക്കും മതിപ്പ് തോന്നി.
മുൻവിധികളിലൂടെ മുദ്രകുത്തപ്പെടുന്നവരാണ് പിന്നീട് അത്ഭുതങ്ങൾ സമ്മാനിക്കുന്നത്. സിംഹം ഒരു രാജാവും ബുദ്ധിമാനുമാണെന്നും കഴുത ഒരു വിഢിയാണെന്നും ആണ് പൊതു ധാരണ. വംശവും, വർഗ്ഗവും, അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും നിഷ്പക്ഷമല്ല. സ്വാർത്ഥതാല്പര്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതാണ് അവരുടെ ലക്ഷ്യം.
ആകറ്റിനിർത്തപ്പെടുന്നവർക്കുള്ള മറുപടി അവസരത്തിനൊത്ത് നാം ഉയരുക എന്നതാണ്. മുൻവിധികളെ അകറ്റി നിർത്തി മറ്റുള്ളവരെ വിലയേറിയവരായി എണ്ണുവാൻ ഇടയാകണം. ഉപകാരം ചെയ്യുന്നവരെ ഉപദ്രവിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന കൗശലം അതിബുദ്ധിയാണ്. അത് ആപത്തു വരുത്തും എന്നോർക്കുക. അനുഗ്രഹീത ശുഭദിനം നേരുന്നു.




