ബിനാമിയോ? സുനാമിയോ? സുവിശേഷമോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

സർവ്വകലാ വല്ലഭന്മാരെ ദൈവ സഭയ്ക്ക് ആവശ്യമില്ല. സമർപ്പണവും സഹിഷ്ണുതയും മുഖമുദ്രയാക്കിയ അനവധി ദൈവ ഭ്യത്യന്മാർ ലോകത്തിൻ്റെ ചതുപ്പിൽ പെടാതെ ഓട്ടം തികച്ച് അക്കരെ നാട്ടിൽ എത്തി. ദൈവം നോക്കുന്നത് മസ്സിൽ ഉണ്ടോ എന്നല്ല മനസ്സുണ്ടോ എന്നത്രേ. ആത്മിക ലോകം ഇന്ന് മസ്സിലുള്ളവരുടെ പുറകെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പിടിപാടും പ്രശസ്തിയും ഉള്ളവരെ അന്വേഷിക്കുന്ന ഒരു കാലം. പിതാക്കന്മാരുടെ വായിൽ എന്നും ഒരു പുതിയ പാട്ട് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പുതിയ കെട്ടിടം പുതിയ കമ്പ്യൂട്ടർ പുതിയ സൗണ്ട് സിസ്റ്റം പുതിയ ലൈറ്റിംഗ് ഇങ്ങനെ നീളുന്ന ചവറിന് പ്രാധാന്യം കൊടുത്തപ്പോൾ പെന്തക്കോസിൻ്റെ നാവിൽ പുതിയ പാട്ട് ഇല്ലാതായി. അങ്ങനെ പുതിയ അനുഭവങ്ങൾ പ്രാപിച്ചവരുടെ എണ്ണം കുറഞ്ഞു.

സുവിശേഷ ലോകം ഇപ്പോൾ മാന്ത്രികൻ്റെ മായാജാലം പോലെ കറങ്ങി കൊണ്ടിരിക്കുകയാണ്. ഒരിടത്ത് കാശ് വാരി കൊടുത്തും സ്വാധീനം കൊണ്ടും സ്റ്റേജുകൾ കയ്യടക്കുമ്പോൾ മറ്റൊരിടത്ത് സ്റ്റേജിൽ നിന്നുകൊണ്ട് സുവിശേഷത്തിൻ്റെ മറവിൽ ഗേഹസിയുടെ ആത്മാവിൽ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞ് സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ച് കാശടിച്ച് മാറ്റുന്നു. പ്രവചനത്തിൻ്റെ പേരിലും രോഗശാന്തിയുടെ മറവിലും സമൃദ്ധിയുടെ സുവിശേഷം പ്രസംഗിച്ച് ഇവർ അരങ്ങ് തകർക്കുകയാണ്. ഇതത്രെ ബിനാമിയും സുനാമിയും. സാക്ഷാൽ സുവിശേഷവുമായി ഇവർക്ക് ഒരു ബന്ധവുമില്ല. ഇവരുടെ പ്രസംഗങ്ങൾക്കു മുമ്പിൽ ചാടുന്നവരും ഓടുന്നവരും ഉരുളുന്നവരും ഒന്ന് ഓർക്കുക നിങ്ങൾ ഇവരുടെ വാണിജ്യ വസ്തുക്കളാണ്.

ഒരു കാലത്ത് പിതാക്കന്മാർ കുരുമുളക് വിറ്റും, റബർ വിറ്റും തേങ്ങ വിറ്റും ജീവിതം പടുത്തുയർത്തി. മുണ്ട് മുറുക്കിയുടുത്ത് കുടുംബം പോറ്റി. വഞ്ചനയും വക്രതയും അവരുടെ ഹൃദയത്തിലോ വായിലോ ഇല്ലായിരുന്നു. പരമാർത്ഥ ഹൃദയത്തോടെ അവർ ദൈവത്തെ സേവിച്ചു. വേർപാടിനും വിശുദ്ധിക്കും ചുമൽ കൊടുത്തു. സത്യത്തിൻ്റെ സാക്ഷ്യം തീജ്വാല പോലെ അവരിൽ കൂടി ദേശത്ത് കത്തിപ്പടർന്നു. ഇന്ന് എന്താണ് സംഭവിക്കുന്നത്? കൊട്ടാരം പണിയുവാനും അക്കൗണ്ട് വലുതാക്കുവാനും വിദേശയാത്രകൾ കൂടെ കൂടെ നടത്തുവാനും രോഗശാന്തി വിൽക്കുന്നു കാശ് മേടിച്ച് കടം മാറുവാൻ പ്രാർത്ഥിക്കുന്നു. ഗൂഗിൾ പേയ്യിലും സെല്ലിയിലും കൂടി കാശ് മേടിച്ച് ദൂത് പറയുന്നു. ഇപ്പോൾ ആർക്കെങ്കിലും പ്രവചനം കേൾക്കണമെങ്കിൽ കാശ് വലിച്ചെറിയണം. ഇതൊക്കെ ആത്മിക ലോകത്തിലെ സുനാമി എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയുന്നത് നന്നായിരിക്കും.

പിടി പാടിലും കഴിവിലും ദൈവസഭ പണിയുവാൻ ഇറങ്ങുമ്പോൾ ഓർത്തു കൊള്ളുക പരിശുദ്ധാത്മാവ് പമ്പ കടന്നു എന്നുള്ള സത്യം. പന്തിയിലിരിക്കുവാൻ യോഗ്യനല്ലെന്ന് പിതാവും മാതാവും കരുതിയെങ്കിൽ തെറ്റ്. പുരാതനനായ ദൈവം ഇതാ ഒരുവനെ പുൽപ്പുറത്തുനിന്ന് എഴുന്നേൽപ്പിക്കുകയാണ് ഇതാണ് ദൈവപ്രവർത്തി. കാക്കയാൽ ഭക്തനെ പോറ്റിയ ദൈവത്തിന് സഭ ഭൂമിയിൽ പണിയുവാൻ ചാക്കു നിറയെ പണവും കലവറ നിറയെ വസ്തുക്കളും വേണ്ട. ജ്ഞാനികളെ ലജ്ജിപ്പിക്കുവാൻ ഭോഷത്വം ആയത് തെരഞ്ഞെടുത്ത ദൈവത്തിന് പുതിയ വണ്ടി തെളിച്ച ഉസ്സയെ വേണ്ട. എന്നാൽ ഉറപ്പും ധൈര്യവും ഉള്ള ചില സ്തേഫാനോസ്മാരെ ആവശ്യമുണ്ട്. അവർ വചനത്തിനു മുമ്പിൽ വിറയ്ക്കുന്നവർ അത്രേ.

ഒത്തിരി പരിപാടികളും ഒത്തിരി ആൾക്കൂട്ടവും അല്ല ഇന്നയുടെ നാളുകളിൽ ദൈവസഭക്ക് ആവശ്യം. അങ്ങനെ നാം ചിന്തിക്കുന്നുവെങ്കിൽ തെറ്റി. അതൊക്കെ വെറും സുനാമിയായി മാറും. പിടിപാടിനും കാര്യസാധ്യത്തിനും നാം നെട്ടോട്ടം ഓടുന്നു എങ്കിൽ നമ്മുടെ അകത്തുള്ള ഉസിയാവ് മരിച്ചിട്ടില്ല. ഇതെല്ലാം ഇന്നുള്ള ഇന്നത്തെ സുവിശേഷ ലോകത്തിലെ ബിനാമികൾ അത്രേ. അനുതാപത്തിൻ്റെയും അനുസരണത്തിൻ്റെയും അങ്കി ധരിച്ചുകൊണ്ട് ദൈവസഭയുടെ പ്രവർത്തിക്കായി ഒരുമനപ്പെട്ട് നാം എഴുന്നേൽക്കുന്നുവെങ്കിൽ ഇടിഞ്ഞു കിടക്കുന്ന ചില മതിലുകൾ പടുത്തുയർത്തുവാൻ സർവ്വശക്തൻ സഹായിക്കും.