-ഷാജി ആലുവിള
ഒരടി ഭൂമിക്കായി പോലും തർക്കങ്ങൾ നടക്കുന്ന കാലത്ത്, വഴിയില്ലാതെ ബുദ്ധിമുട്ടിയിരുന്ന പത്തോളം കുടുംബങ്ങൾക്ക് വഴിയൊരുക്കാൻ സ്വന്തം 16 സെന്റ് ഭൂമി വിട്ടുനൽകി പാസ്റ്റർ ജോർജ് എബ്രഹാം (ലാലുച്ചായൻ) മാതൃകയായി.

മലയിൽ പുത്തൻ വീട്ടിൽ പാസ്റ്റർ ജോർജ് എബ്രഹാം എന്ന ലാലുചയനെ കുറിച്ച് പറയുമ്പോൾ കോന്നിക്കാർക്ക് ആയിരം നാക്കാണ്. മൂന്നടി പാതയിലൂടെ നലരപതിറ്റാണ്ട് കൊണ്ട് നടന്ന ഒരു കൂട്ടം ജനത്തിൻ്റെ കാണപ്പെട്ട ദൈവമാണ് അദ്ദേഹം.
പത്തനംതിട്ട ജില്ലയിലെ കോന്നി , അതുരങ്കൽ ഗ്രാമവാസികൾക്ക് കിട്ടിയ ഓണ ബംപർ സമ്മാനം ആണ് ഈ പൊതു വഴി.
ഒരു നുള്ളു മണ്ണിനുവേണ്ടി രക്തബന്ധങ്ങൾ പോലും തമ്മിലടിക്കുന്ന ഈ കാലത്ത് ലലുച്ചായൻ എന്ന ഈ പ്രേഷിത പ്രവർത്തകൻ സമൂഹത്തിന് മാതൃകയായി.
അനേക വർഷം ദോഹയിൽ ബിസിനസിനൊപ്പം സുവിശേഷ പ്രവർത്തനവും ആതുരസേവനവും ചെയ്ത പാസ്റ്റർ എബ്രഹാം പ്രവാസ ജീവിതത്തിൽ നിന്നും തിരികെ എത്തി നാട്ടിലാണ് ഇപ്പൊൾ. ദേശത്ത് പാർത്ത് വിശ്വസ്ത ആചരിക്കുന്ന ഈ ദൈവഭൃത്യൻ സ്വദേശത്ത് ഇപ്പോഴും സുവിശേഷ വേലയിൽ വ്യാപൃതനാണ്. നല്ലൊരു ഗ്രന്ഥകാരനും, പ്രഭാഷകനുമായ അദ്ദേഹം ഇതിന് മുമ്പും നിർധനർക്ക് വീടും, വഴിയും, ചികിത്സാ സഹായവും ചെയ്തിട്ടുണ്ട്.
തൻ്റെ സഹധർമ്മിണി വത്സമ്മയുടെ പ്രാർഥനയും സന്മനസ്സുമാണ് ഇതിൻ്റെ പിന്നിലുള്ള വിജയമെന്ന് നാട്ടുകാർ ഒന്നായി പറയുന്നു.
മൂന്ന് ആൺമക്കളും കുടുംബവും ഈ സാമൂഹിക സേവനത്തിന് പിതാവിനൊപ്പം മുന്നിലുണ്ട്.
അദ്ദേഹം ചെയ്യുന്ന ഒരു പൊതുനന്മയും ആരും അറിയരുത് എന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം. എന്നാൽ സ്വന്തം സ്ഥലം പൊതുവഴിക്ക് വിട്ടുകൊടുത്തപ്പോൾ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നിർബന്ധം മൂലമാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. ഈ വാർത്ത നാട്ടുകാർ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെയാണ് താൻ അങ്ങനെ വരേണ്ടിവന്നതും.
“നാം ഈ ലോകത്തിൽ വന്നപ്പോൾ ഒന്നും കൊണ്ടുവന്നില്ല, പോകുമ്പോൾ ഒന്നും കൊണ്ടുപോകയുമില്ല. ജീവിച്ചിരിക്കുമ്പോൾ സമൂഹത്തിനും സാധുക്കൾക്കും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുക….” ആ ചിന്തയാണ് ഇങ്ങനെയുള്ള സാമൂഹിക സേവനം ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് എന്ന് അദ്ദേഹം പറയുന്നു.
പ്രായമായ ഒരുപാട് ആൾക്കാർ ഇവിടെയുണ്ട്. പെട്ടന്ന് അവർക്കൊന്നു ആശുപത്രിയിൽ പോകണമെങ്കിൽ നല്ലൊരു വഴിയില്ല. അതിന് ഒരു പരിഹാരം കൂടിയാണ് ഈ വഴി. അവരുടെ പ്രാർത്ഥന ഞങ്ങൾക്ക് കിട്ടുമല്ലോ അദ്ദേഹം കൂട്ടിച്ചേർത്തു.
സന്മനസ്സുള്ളവർ ഇനിയും എഴുന്നേൽക്കണം. വഴിയും, വെള്ളവും, വെളിച്ചവും ഇല്ലാത്തവർക്ക് എത്തിച്ചുകൊടുക്കുവാൻ ഇത് ഏവർക്കും മാതൃക തന്നെ.




