തെഹ്റാന്: ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനയി ജീവനോടെയുണ്ടെന്ന് വെളിപ്പെടുത്തി ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്. തെഹ്റാനിലെ പരമോന്നത നേതാവിന്റെ നിലവിലെ സ്ഥിതിയും സംബന്ധിച്ച് ഉയര്‍ന്നുവരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പെസെഷ്കിയാന്റെ പ്രതികരണം.
ഖമനയി ഇപ്പോഴും ചുമതലയില്‍ തുടരുകയാണെന്നും തന്റെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ച് വരികയാണെന്നും ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ പെസെഷ്കിയാന് പറഞ്ഞു. അദ്ദേഹത്തെ ഇതുവരെയും കണ്ടെത്താന്‍ കഴിയാത്തതിനാലാണ് അമേരിക്കയും ഇസ്രയേലും ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പെസെഷ്കിയാന് ആരോപിച്ചു.
‘നമ്മുടെ പരമോന്നത നേതാവ് ജീവനോടെയിരിക്കുന്നതിന് ദൈവത്തിന് നന്ദി’ എന്നാണ് അഭിമുഖത്തില്‍ പെസെഷ്കിയാന് പറഞ്ഞത്. മൊജ്തബയുമായി തനിക്ക് ആത്മാര്‍ത്ഥമായ ബന്ധമാണുള്ളത്. അദ്ദേഹം തന്റെ ചുമതലകള്‍ നിർവഹിക്കുന്നുണ്ടെന്നും പെസെഷ്കിയാന് പറഞ്ഞു. ഇറാന്റെ മുതിര്‍ന്ന നേതാക്കളെയും കമാന്‍ഡര്‍മാരെയും ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും ആക്രമണങ്ങള്‍ നടത്തുകയാണ്. അവരെ കാണിച്ചുതരൂ എന്നാണ് അവർ ആവശ്യപ്പെടുന്നത്. ഖമനയിയോടും അതുതന്നെ ചെയ്യാനാണ് യുഎസിൻ്റെയും ഇസ്രയേലിൻ്റെയും ശ്രമമെന്നും പെസെഷ്കിയാന് പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ പരിക്കേറ്റതിന് ശേഷം മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. പിതാവും ഇറാൻ മുൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനയിയുടെയും മാതാവിൻ്റെയും ഭാര്യയുടെയുമടക്കം സംസ്കാര ചടങ്ങുകളിലും മൊജ്തബ പങ്കെടുത്തിരുന്നില്ല. ഇതോടെ മൊജ്തബ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.




