ന്യൂഡൽഹി: യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട് ബ്രിക്സ് രാജ്യങ്ങളുടെ സമീപനങ്ങളുമാണ് ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ പ്രധാന ഉള്ളടക്കം.
അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ തത്ത്വങ്ങളെയും ലക്ഷ്യങ്ങളെയും ദുർബലപ്പെടുത്തുന്ന സാമ്പത്തിക ഉപരോധം ഉൾപ്പെടെയുള്ളവ അവസാനിപ്പിക്കണം. ദരിദ്രരെയും ദുർബലസാഹചര്യങ്ങളിൽ കഴിയുന്നവരെയും ഇത്തരം നടപടികൾ ആനുപാതികമല്ലാത്തവിധത്തിൽ ബാധിക്കുകയും ഡിജിറ്റൽ വിഭജനം കൂടുതൽ ആഴത്തിലാക്കുകയും പരിസ്ഥിതിവെല്ലുവിളികൾ രൂക്ഷമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്രനിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികളുള്ള, ഐക്യരാഷ്ട്രസഭാ സുരക്ഷാസമിതിയുടെ അനുമതിയില്ലാത്ത ഉപരോധങ്ങൾ ഉൾപ്പെടെയുള്ള നടപടികളോട് ബ്രിക്സ് കൂട്ടായ്മ എതിർപ്പ് ആവർത്തിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനായി ആഗോളതലത്തിൽ നടപടികൾ സ്വീകരിക്കണം. ഈ വെല്ലുവിളികളോടും അവയുമായി ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളോടും സംഘർഷസാധ്യത കുറയ്ക്കുന്നതിനുള്ള രാഷ്ട്രീയ-നയതന്ത്ര നടപടികളിലൂടെ അന്താരാഷ്ട്രസമൂഹം പ്രതികരിക്കണം. എല്ലാ രാജ്യത്തിന്റെയും സുരക്ഷ പരസ്പരം അവിഭാജ്യമാണ്. സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത ഉച്ചകോടി ആവർത്തിച്ചു. ആണവഭീഷണിയുടെയും സംഘർഷത്തിന്റെയും വർധിച്ചുവരുന്ന അപകടസാധ്യതയിൽ ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ആണവായുധരഹിത മേഖലകൾ ആണവവ്യാപന നിരോധന സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക സംഭാവന നൽകുന്നതായും ചൂണ്ടിക്കാട്ടി.
ഓരോ രാജ്യത്തിന്റെയും ദേശീയ നിലപാടുകൾ കണക്കിലെടുത്തുകൊണ്ട് പരമാവധി സംയമനംപാലിക്കണം, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കണം. യു.എൻ. ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായി, അതിന്റെ സമഗ്രതയും പരസ്പരബന്ധിതത്വവും മാനിച്ചുകൊണ്ട് സാധാരണജനങ്ങളെയും അടിസ്ഥാനസൗകര്യങ്ങളെയും സംരക്ഷിക്കണം. സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും ദീർഘകാല ധാരണയിലെത്തണം. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി ആഗോളവ്യാപാരം, വിതരണശൃംഖലകൾ, ഊർജവിതരണം എന്നിവയുടെ സുഗമമായ ഒഴുക്ക് നിലനിർത്തണം.
അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പൂർണ സുരക്ഷാ മേൽനോട്ടത്തിന് കീഴിലുള്ള ആണവ കേന്ദ്രങ്ങൾക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കുംനേരേ മനഃപൂർവം നടത്തുന്ന ആക്രമണങ്ങളിലും ആശങ്ക രേഖപ്പെടുത്തി.
ഗാസാമുനമ്പിൽ വെടിനിർത്തൽ തുടരുകയും പൂർണവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കുകയും ചെയ്യണം. 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാറിനുശേഷവും ഗാസയിൽ തുടരുന്ന അക്രമത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു. ഗാസാമുനമ്പിൽനിന്ന് പലസ്തീനികളെ നിർബന്ധിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ അവസാനിപ്പിക്കണം. പലസ്തീൻ ജനതയുടെ അനിഷേധ്യമായ അവകാശങ്ങളെ മുൻവിധിയോടെ ബാധിക്കുകയോ അധിനിവേശത്തെ നിയമവിധേയമാക്കുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്ന ക്രമീകരണങ്ങളിലും ഉച്ചകോടി ആശങ്ക രേഖപ്പെടുത്തി. ഗാസാമുനമ്പിന്റെ ഭൗമികമോ ജനസംഖ്യാപരമോ ആയ ഘടനയിൽ മാറ്റംവരുത്തുന്നതിനെയും ഉച്ചകോടി എതിർത്തു.




