-സാബു തൊട്ടിപ്പറമ്പിൽ
ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിച്ചുവരുന്ന സൗദി അറേബ്യയിലെ റെഡ് സീ വിസ്മയമാകുന്നു.

റെഡ് സീ മേഖലയിലേക്ക് ഇത്തിഹാദ് എയർവേയ്സ് പുതിയ വിമാന സർവീസും ആരംഭിക്കുന്നു. 2026 ഒക്ടോബർ 4 മുതൽ അബുദാബിയിൽനിന്ന് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് വർഷം മുഴുവൻ സർവീസ് ആരംഭിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒരു സർവീസായിരിക്കും. ഒക്ടോബർ 25 മുതൽ ഇത് ആഴ്ചയിൽ രണ്ട് സർവീസായി ഉയരും.

എയർബസ് എ 320 വിമാനമാണ് പുതിയ സർവീസിനായി ഉപയോഗിക്കുക. എട്ട് ബിസിനസ് ക്ലാസ് സീറ്റുകളും 150 സാമ്പത്തിക ക്ലാസ് സീറ്റുകളുമടക്കം 158 യാത്രക്കാർക്ക് വിമാനത്തിൽ യാത്ര ചെയ്യാം. അബുദാബിയിൽനിന്ന് റെഡ് സീയിലേക്കുള്ള യാത്രയ്ക്ക് മൂന്ന് മണിക്കൂറിൽ മിച്ചം യാത്രയാണ് വേണ്ടിവരുന്നത്.
സൗദി മാധ്യമമായ അറബ് ന്യൂസും മേഖലയിലെ വിവിധ ഓൺലൈൻ മാധ്യമങ്ങളും പുതിയ വിമാന സർവീസ് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ തീരത്ത് വികസിപ്പിക്കുന്ന റെഡ് സീ പദ്ധതി ഒരു സാധാരണ വിനോദസഞ്ചാര പദ്ധതി മാത്രമല്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കുകയും എണ്ണയെ ആശ്രയിക്കുന്നതിൽനിന്ന് മാറി വിനോദസഞ്ചാരം ഉൾപ്പെടെയുള്ള മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയുള്ള ‘സൗദി വിഷൻ 2030 പദ്ധതി’യിലെ പ്രധാന പദ്ധതികളിലൊന്നാണിത്. സൗദി അറേബ്യയുടെ പരമാധികാര നിക്ഷേപ ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിലുള്ള റെഡ് സീ ഗ്ലോബലാണ് പദ്ധതിയുടെ വികസനത്തിന് നേതൃത്വം നൽകുന്നത്.
ഏകദേശം 28,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വികസിക്കുന്ന റെഡ് സീ വിനോദസഞ്ചാര കേന്ദ്രത്തിൽ 90-ലേറെ ദ്വീപുകളുണ്ട്. തെളിഞ്ഞ നീലക്കടൽ, വെള്ള മണൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, കണ്ടൽക്കാടുകൾ, മരുഭൂമി, മലനിരകൾ, അഗ്നിപർവത ഭൂപ്രദേശങ്ങൾ എന്നിവ ഇവിടെ സഞ്ചാരികൾക്ക് വ്യത്യസ്തമായ അനുഭവം നൽകും. കടലിനടിയിലെ സമ്പന്നമായ പവിഴപ്പുറ്റുകളും വൈവിധ്യമാർന്ന സമുദ്രജീവികളും പ്രദേശത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
കടൽപര്യവേക്ഷണം, കപ്പൽയാത്ര, വിവിധ ജലവിനോദങ്ങൾ എന്നിവയ്ക്കൊപ്പം മരുഭൂമിയിലൂടെയും മലനിരകളിലൂടെയുമുള്ള യാത്രകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആഡംബര വിനോദസഞ്ചാരത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പദ്ധതിയിൽ ലോകത്തിലെ പ്രമുഖ ഹോട്ടൽ ശൃംഖലകളുടെ റിസോർട്ടുകളും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കടലിനോട് ചേർന്നും ചില ഭാഗങ്ങളിൽ കടലിന് മുകളിലുമായി ഒരുക്കിയ ആഡംബര താമസസൗകര്യങ്ങളും റെഡ് സീയുടെ പ്രധാന ആകർഷണങ്ങളാണ്.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്. സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജസ്രോതസ്സുകൾക്ക് വലിയ പ്രാധാന്യം നൽകുന്ന പദ്ധതിയിൽ കടൽ, പവിഴപ്പുറ്റുകൾ, ദ്വീപുകൾ, വന്യജീവികൾ എന്നിവയുടെ സംരക്ഷണവും ലക്ഷ്യമിടുന്നു. നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് പ്രകൃതിദത്ത ആവാസവ്യവസ്ഥ നിലനിർത്തുന്ന രീതിയിലാണ് പ്രദേശം വികസിപ്പിക്കുന്നത്.
വിനോദസഞ്ചാര മേഖലയിലേക്കുള്ള പ്രധാന പ്രവേശന കവാടമായാണ് റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് റിസോർട്ടുകളിലേക്കും ദ്വീപുകളിലേക്കും എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചില ദ്വീപുകളിലേക്ക് ജലവിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക ഗതാഗത സംവിധാനങ്ങളും വികസിപ്പിച്ചുവരുന്നു.
ഇത്തിഹാദിന്റെ പുതിയ സർവീസ് വരുന്നതോടെ ഇന്ത്യയിൽനിന്നുള്ള സഞ്ചാരികൾക്കും റെഡ് സീയിലേക്ക് എത്താനുള്ള പുതിയ സാധ്യതയാണ് തുറക്കുന്നത്. കേരളത്തിൽനിന്നുൾപ്പെടെ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് അബുദാബിയിലെത്തി അവിടെനിന്ന് റെഡ് സീയിലേക്ക് യാത്ര ചെയ്യാനാകും. അബുദാബിയിൽ ഏതാനും ദിവസം ചെലവഴിച്ചശേഷം റെഡ് സീ സന്ദർശിക്കുന്ന രീതിയിൽ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടുത്തി യാത്ര ക്രമീകരിക്കാനും കഴിയും.
റെഡ് സീ പദ്ധതി 2017-ലാണ് പ്രഖ്യാപിച്ചത്. 2023 ഒക്ടോബർ 11ന് ആദ്യ അതിഥികളെ സ്വീകരിച്ചതോടെ പദ്ധതിയുടെ ആദ്യഘട്ടം പ്രവർത്തനത്തിലേക്ക് കടന്നു. തുടർന്ന് വിവിധ റിസോർട്ടുകളും വിനോദസഞ്ചാര സൗകര്യങ്ങളും ഘട്ടംഘട്ടമായി തുറന്നു. പദ്ധതി ഇപ്പോഴും വിപുലീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പൂർണമായി വികസിക്കുമ്പോൾ 50 റിസോർട്ടുകളും 8,000 വരെ ഹോട്ടൽ മുറികളും ഉൾപ്പെടുന്ന വലിയ വിനോദസഞ്ചാര കേന്ദ്രമായി റെഡ് സീയെ മാറ്റാനാണ് ലക്ഷ്യമിടുന്നത്.
22 ദ്വീപുകളിലും ആറ് ഉൾനാടൻ പ്രദേശങ്ങളിലുമായി റിസോർട്ടുകൾ, ആഡംബര താമസസൗകര്യങ്ങൾ, തുറമുഖങ്ങൾ, ഗോൾഫ് മൈതാനങ്ങൾ, വിനോദ-വിശ്രമ സൗകര്യങ്ങൾ എന്നിവ ഒരുക്കും.
കടലിന്റെ നീലിമയും പവിഴപ്പുറ്റുകളുടെ സൗന്ദര്യവും വെള്ള മണൽത്തീരങ്ങളും മരുഭൂമിയുടെ വിസ്മയവും മലനിരകളുടെ ഭംഗിയും ആഡംബര താമസസൗകര്യങ്ങളും ഒരുമിക്കുന്ന റെഡ് സീ, ലോക വിനോദസഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യയുടെ പുതിയ മുഖമായി മാറുകയാണ്. അതിലേക്കുള്ള അബുദാബി–റെഡ് സീ വിമാന സർവീസ് അന്താരാഷ്ട്ര സഞ്ചാരികൾക്ക് ഈ പുതിയ വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ.




