വാഷിങ്ടണ്‍: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ചൂണ്ടിക്കാട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍ തിരിച്ചറിയല്‍ രേഖയും പൗരത്വം തെളിയിക്കുന്ന രേഖയും നിര്‍ബന്ധമാക്കുന്ന സേവ് അമേരിക്ക ആക്ട് പാസാക്കണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു.
ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് ട്രംപ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനത്തെ പരാമര്‍ശിച്ചത്. ഈ മാസം ആദ്യം ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായി നടത്തിയ സംഭാഷണത്തിനിടെ, സാധുവായ ഫോട്ടോ ഐഡി ഇല്ലാതെ അമേരിക്കയില്‍ എങ്ങനെ തെരഞ്ഞെടുപ്പ് നടത്താനാകുമെന്ന് അദ്ദേഹം ചോദിച്ചതായും ട്രംപ് പറഞ്ഞു.
ഇന്ത്യയിലെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ 64.6 കോടി വോട്ടര്‍മാര്‍ പങ്കെടുത്തുവെന്നും ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് തപാല്‍ വോട്ട് ചെയ്തതെന്നും ട്രംപ് അവകാശപ്പെട്ടു. ഇന്ത്യയില്‍ ഓരോ വോട്ടര്‍ക്കും സാധുവായ ഫോട്ടോ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാനുള്ള അവകാശം പൗരന്മാര്‍ക്ക് മാത്രമായി ഉറപ്പാക്കണമെന്നാണ് ട്രംപിന്റെ നിലപാട്. അമേരിക്കന്‍ തെരഞ്ഞെടുപ്പുകള്‍ തീരുമാനിക്കേണ്ടത് അമേരിക്കന്‍ പൗരന്മാര്‍ മാത്രമാണെന്ന വാദത്തോടെയാണ് അദ്ദേഹം സേവ് അമേരിക്ക ആക്ടിന് പിന്തുണ തേടുന്നത്.




