തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ റെഡ് അലേർട്ട്. വരുന്ന അഞ്ച് ദിവസവും കനത്ത മഴ തുടരും. പത്തനംതിട്ട,കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട് ഉള്ളത്.
ഇതോടൊപ്പം ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 6-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടും ബാക്കി ജില്ലകളിൽ മഞ്ഞ അലേർട്ടും നിലനിൽക്കും.
ഓഗസ്റ്റ് 7-ന് സംസ്ഥാനത്തെ 14 ജില്ലകളിലും മഞ്ഞ അലേർട്ട് നൽകിയിട്ടുണ്ട്. ഓഗസ്റ്റ് 8-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും മഞ്ഞ അലേർട്ടാണ് ഉള്ളത്.
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളിൽ ഉള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണെന്നും അധികൃതർ നിർദേശം നൽകി.




