കാനഡയിലെ എഡ്മണ്ടൻ, കാൽഗറി, വാൻകൂവർ എന്നീ പ്രവശ്യകളും അമേരിക്കയിലെ സിയാറ്റിലും ഉൾപ്പെടുന്ന വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസിൻ്റെ മുപ്പത്തിയാറാമത് കോൺഫറൻസ് വ്യാഴാഴ്ച ആരംഭിക്കും. വിശാലമായ സൗകര്യങ്ങളുള്ള എഡ്മണ്ടൻ ലൈഫ് ചർച്ചാണ് കോൺഫറൻസിൻ്റെ വേദിയാകുന്നത്.
വ്യാഴാഴ്ച വൈകിട്ട് 6 ന് ആരംഭിക്കുന്ന പ്രഥമ യോഗത്തിൽ കോൺഫറൻസ് കൺവീനർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. 16 മുതൽ 19 വരെ നടക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ ജോ തോമസ് ബാംഗ്ലൂർ മലയാളം വിഭാഗത്തിലും പാസ്റ്റർ നിരുപ് അൽഫോൺസ് ഇംഗ്ലീഷ് വിഭാഗത്തിലും മുഖ്യ പ്രഭാഷകരാണ്. സിസ്റ്റർ രമ്യ സാറാ ജേക്കബ് ഗാനശുശ്രൂഷയിൽ പങ്കാളിയാകും. ലോകത്തിൻ്റെ വിവിധയിടങ്ങളിൽ നിന്നുമുള്ള സുവിശേഷകരും കോൺഫറൻസിൽ സന്ദേശങ്ങൾ നല്കും.
‘The Season of harvest’ ‘ഇത് കൊയ്ത്തിൻ്റെ കാലം’ എന്നതാണ് മുഖ്യ ചിന്താവിഷയം. ഈ കാലഘട്ടത്തിലെ ആത്മീയ – സാമൂഹ്യ ജീവിത സാഹചര്യങ്ങളിൽ സഭയുടെ നിസ്തുലമായ പങ്കും ദൗത്യവും വിശകലനം ചെയ്യുന്ന നിലയിലാണ് മുഖ്യ ചിന്താവിഷയവും ഉപവിഷയങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 .30 ന് ബൈബിൾ ക്ലാസ് രാവിലെ 10.30 മുതൽ 12.30 വരെ പകൽ യോഗവും നടക്കും. വെള്ളി ഉച്ചയ്ക്ക് 2 ന് ലേഡീസ് മീറ്റിംഗും 3.30 ന് ബിസിനസ് മീറ്റിംഗും നടക്കുന്നതാണ്.ശനി ഉച്ചയ്ക്ക് 2 ന് ബൈബിൾ ക്വിസ് ഉണ്ടായിരിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9 വരെ പൊതുസമ്മേളനങ്ങൾ നടക്കും.
ഞായർ രാവിലെ 9.30 മുതൽ സംയുക്ത സഭായോഗവും തിരുവത്താഴ ശുശ്രൂഷയും നടക്കും.
വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ ലൈഫ് ചർച്ചിലും ഞായറാഴ്ച എഡ്മണ്ടൻ ഓയിൽ ഫീൽഡ് ടെക്നിക്കൽ സൊസൈറ്റിയിലുമാണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ സാം വർഗീസ് 780 965 7104 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
വെസ്റ്റേൺ പെന്തക്കോസ്ത് കോൺഫറൻസ് ഭാരവാഹികളായ ബ്രദർ റോണി സൈമൺ മാത്യൂസ് (സെക്രട്ടറി), ബ്രദർ ജിജി ഫിലിപ്പ് (ട്രഷറാർ), ബ്രദർ ഗ്ലാഡ് വിൻ കോശി (യൂത്ത് ഡയറക്ടർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കുന്നു.




