ബഹിരാകാശത്ത് നിന്നുള്ള തന്റെ ആദ്യ വീഡിയോ പങ്കുവെച്ച് ഒറ്റപ്പാലത്ത് വേരുകളുള്ള പാതിമലയാളിയായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) സുരക്ഷിതനായി എത്തിയതിന് പിന്നാലെയാണിത്.
‘ഭ്രമണപഥത്തിലെ ആദ്യ ദിവസമാണിത്. ഭൂമിയോടുള്ള നന്ദി, സ്‌നേഹം, അതിന്റെ സൗന്ദര്യം എന്നിവ എന്നെ വികാരാധീനനാക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എല്ലാവർക്കും ഹലോ,’ എക്സിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ പ്യോർട്ടർ ദുബ്രോവയ്ക്കും അന്ന കികിനയ്ക്കും ഒപ്പമാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സോയൂസ് MS-29 പേടകത്തിൽ കസാഖസ്ഥാനിലെ ബൈക്കൊനൂർ കോസ്മോഡ്രോമിൽ നിന്നാണ് അവർ യാത്രതിരിച്ചത്. മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം പേടകം ഐഎസ്എസിലെ പ്രചാൾ മൊഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നാസയ്ക്കും സ്പേസ് എക്സിനും യു.എസ്. സ്പേസ് ഫോഴ്സിനും അദ്ദേഹം നന്ദി അറിയിച്ചു. ‘മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും എത്തിക്കുകയെന്ന നാസയുടെ ലക്ഷ്യത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ട്. ആ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണുന്നത്’- അദ്ദേഹം പറയുന്നു.




