ന്യൂഡൽഹി: നാടുകടത്തപ്പെട്ട ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ വർഷം ഡിസംബറോടെ ഇന്ത്യയിൽനിന്ന് ബംഗ്ലദേശിലേക്കു മടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് എഴുപത്തിയെട്ടുകാരിയായ ഹസീന ഇക്കാര്യം അറിയിച്ചത്. തനിക്കും പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നാട്ടിലെത്തി സ്വമേധയാ കോടതിയിൽ കീഴടങ്ങാനാണു തീരുമാനമെന്നും അവർ പറഞ്ഞു.
ബംഗ്ലദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024 ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിനു വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ കഴിഞ്ഞ നവംബറിൽ ബംഗ്ലദേശ് കോടതി ഹസീനയ്ക്കു വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിച്ചിട്ടുണ്ട്.
തിരിച്ചെത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുകയോ കൊല്ലുകയോ ചെയ്തേക്കാമെന്ന് അറിയാമെങ്കിലും നാട്ടിലേക്കു മടങ്ങുമെന്നാണ് ഹസീനയുടെ നിലപാട്. ‘‘എന്റെ പാർട്ടി നേതാക്കളും പ്രവർത്തകരും കടുത്ത അടിച്ചമർത്തലാണ് നേരിടുന്നത്. മരണം വന്നാൽ അത് എന്റെ മാതാപിതാക്കൾ അടക്കം ചെയ്തിരിക്കുന്ന, അവരുടെ രക്തം ചിന്തിയ സ്വന്തം മണ്ണിൽ തന്നെയാകട്ടെ’’ അവർ അഭിമുഖത്തിൽ പറഞ്ഞു.
അവാമി ലീഗിലെ മുതിർന്ന നേതാക്കൾക്കൊപ്പം ബംഗ്ലദേശിലേക്കു മടങ്ങി കോടതിയിൽ കീഴടങ്ങാനാണു പദ്ധതിയെന്നും ഹസീന അറിയിച്ചു. മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാൽ ഉൾപ്പെടെയുള്ള നേതാക്കൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.




