ബീജിങ്: ചൈനയിൽ മെയ്സാക് ചുഴലിക്കാറ്റും പ്രളയവും വിതച്ച നാശനഷ്ടങ്ങൾക്കിടയിൽ ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തി വൻ പാമ്പ് ഭീഷണി.എന്നാല്‍ മീന്‍ പിടിക്കുന്ന ലാഘവത്തോടെ പാമ്പുകളെ പിടികൂടുന്ന ദൃശ്യങ്ങളും സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഗുവാങ്ഷി ഷുവാങ് പ്രദേശത്തുണ്ടായ കനത്ത വെള്ളപ്പൊക്കത്തിൽ ഡെങ്‌വെയ് ഗ്രാമത്തിലെ പ്രമുഖ പാമ്പ് വളർത്തൽ കേന്ദ്രത്തിന്റെ മതിൽക്കെട്ടുകൾ തകർന്നതോടെയാണ് ആയിരത്തോളം വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് ഒഴുക്കിൽപ്പെട്ട് എത്തിയത്. ഇതിനോടകം പാമ്പുകടിയേറ്റ് ഒരു സ്ത്രീ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വെള്ളപ്പൊക്കത്തിനിടയിൽ ഫണമുയർത്തി നീന്തുന്ന മൂർഖൻ പാമ്പുകളുടെയും മറ്റ് വിഷപ്പാമ്പുകളുടെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
എന്നാൽ, ജീവന് ഭീഷണിയായ സാഹചര്യത്തിലും ചിലർ പാമ്പുകളെ പിടികൂടാൻ വെള്ളത്തിലേക്ക് ഇറങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. പരമ്പരാഗത ചൈനീസ് ഭക്ഷണങ്ങൾക്കായി പാമ്പുകളെ ഉപയോഗിക്കുന്നതുകൊണ്ടാണ് ആളുകൾ ഇവയുടെ പിന്നാലെ കൂടുന്നതെന്നാണ് ‘എക്സ്’ പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്ന പ്രതികരണങ്ങൾ.
തുകൽ ഉത്പന്നങ്ങൾ, മാംസം, പരമ്പരാഗത ചൈനീസ് മരുന്നുകൾ എന്നിവയ്ക്കായി മൂർഖൻ പാമ്പുകളെയും വാട്ടർ സ്നേക്ക്സിനെയും വൻതോതിൽ വളർത്തുന്ന വലിയൊരു വ്യവസായ കേന്ദ്രമാണ് തകർന്നത്. ഈ മേഖലയിൽ മാത്രം 30 ദശലക്ഷത്തോളം പാമ്പുകളെ വളർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഫാമുകളിൽ നിന്ന് തൊള്ളായിരത്തിലധികം പാമ്പുകൾ പുറത്തുപോയതായി ഗ്ലോബൽ ടൈംസ് അടക്കമുള്ള ചൈനീസ് മാധ്യമങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രളയക്കെടുതിയിൽ ഡാം തകർന്ന് ഇതുവരെ 39 പേർ മരിച്ച ചൈനയിൽ, പാമ്പുകളുടെ ഈ കൂട്ടപ്പുറപ്പാട് രക്ഷാപ്രവർത്തനത്തെയും ജനജീവിതത്തെയും കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.




