പട്ന: വ്യാജ സർട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സർക്കാർ ജോലി തട്ടിയെടുത്ത മൂവായിരത്തിലധികം അധ്യാപകരെ ബിഹാർ സർക്കാർ സർവീസില്‍ നിന്ന് പിരിച്ചുവിടുന്നു
2006-നും 2015-നും ഇടയില്‍ നടന്ന അധ്യാപക നിയമനങ്ങളെക്കുറിച്ച് സംസ്ഥാന വിജിലൻസ് ബ്യൂറോ നടത്തിയ അഴിമതി വിരുദ്ധ അന്വേഷണത്തെ തുടർന്നാണ് ഈ വൻ നടപടി. ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അധ്യാപക തസ്തികകള്‍ സ്വന്തമാക്കാൻ വ്യാപകമായ ക്രമക്കേടുകളും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചതായി വിജിലൻസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരായ അധ്യാപകർക്കെതിരെ ഇതിനകം നിരവധി എഫ്.ഐ.ആറുകള്‍ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. നിയമവിരുദ്ധമായി ജോലിയില്‍ പ്രവേശിച്ച എല്ലാവർക്കുമെതിരെയും കർശന നിയമനടപടികള്‍ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
തട്ടിപ്പിലൂടെ ജോലി നേടിയവർക്കെതിരെ കടുത്ത അച്ചടക്ക നടപടികളാണ് സർക്കാർ സ്വീകരിക്കുക. ഇവരുടെ സർവീസ് കാലയളവില്‍ കൈപ്പറ്റിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സർക്കാരിന്റെ തീരുമാനം. നടപടികളില്‍ നിന്ന് രക്ഷപ്പെടാൻ ചില അധ്യാപകർ തൊട്ടുമുൻപ് രാജി സമർപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, രാജി വച്ചവർക്കെതിരെയും ശക്തമായ വകുപ്പുതല നടപടികള്‍ തുടരുമെന്ന് മന്ത്രി മിഥിലേഷ് തിവാരി വ്യക്തമാക്കി.




