സുൽത്താൻ ബത്തേരി: പനിയും ഛർദിയും വയറളിക്കവും പടർന്നതിനിടെ ചികിത്സയിലുണ്ടായിരുന്ന കോളിയാടി മാർ ബസേലിയോസ് എ.യു.പി. സ്‌കൂളിലെ മൂന്നുറിലധികം കുട്ടികളിൽ രണ്ടുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആശങ്കയിൽ ബത്തേരി. രോഗം ഭേദമായി ആശുപത്രിവിട്ട കുട്ടികളുടെ രക്ഷിതാക്കളുൾപ്പെടെ വീണ്ടും പ്രയാസത്തിലായി. സ്‌കൂളിലും കുട്ടികളിൽ കൂടുതൽപ്പേർ ചികിത്സയിലുള്ള ബത്തേരി താലൂക്ക് ആശുപത്രിയിലും വിവരമറിഞ്ഞതിനുപിന്നാലെ ഒട്ടേറെപ്പേരാണ് എത്തിയത്. പലരും വൈകാരികമായാണ് പ്രതികരിച്ചത്.
ഇതുവരെ രോഗബാധിതരായത് 339 കുട്ടികളാണ്. ഇതിൽ 59 കുട്ടികളാണ് തിങ്കളാഴ്ച ആശുപത്രികളിൽ കിടത്തിച്ചികിത്സയിലുള്ളത്. ഇതിൽ ഒൻപതുകുട്ടികളെ തിങ്കളാഴ്ചയാണ് രോഗബാധിതരായി ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ 21 പേരാണ് കിടത്തിച്ചികിത്സയിലുള്ളത്. ഞായറാഴ്ച 48 പേരുണ്ടായിരുന്നു. സമാനരോഗലക്ഷണങ്ങളോടെയാണ് കുട്ടികളെല്ലാം ചികിത്സതേടിയത്.
എന്നാൽ, ആരുടെയും സ്ഥിതി ആശങ്കപ്പെടേണ്ടതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിങ്കളാഴ്ച കിടത്തിച്ചികിത്സയിൽ ഉണ്ടായിരുന്നതിൽ അൻപതോളം കുട്ടികൾ അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
മെഡിക്കൽ കോളേജിൽ നിന്നെത്തിയ ശിശുരോഗവിദഗ്ധരടങ്ങിയ സംഘം ഇപ്പോഴും പകർച്ചവ്യാധിവ്യാപന പ്രദേശത്ത് തുടരുന്നുണ്ട്. രോഗബാധയുണ്ടായ കുട്ടികളിൽ ചിലരിൽ വിസർജ്യത്തോടൊപ്പം രക്തംപോയപ്പോൾത്തന്നെ പ്രതിരോധമരുന്നുകൾ ഉൾപ്പെടെ കൊടുത്തുതുടങ്ങിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
കുട്ടി ഇടപഴകിയ വീട്ടിലുള്ളവർക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. വിവരമറിഞ്ഞ് അധ്യാപകർക്കും ആരോഗ്യപ്രവർത്തകർക്കും തദ്ദേശസ്ഥാപന അധികൃതർക്കും ഒട്ടേറെ ഫോൺവിളികളെത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ നൂറോളംപേർ പുതിയതായി ചികിത്സയ്‌ക്കെത്തിയെങ്കിലും തിങ്കളാഴ്ച ആകെ അഞ്ചുപേരാണ് വന്നതെന്നതും അൻപതോളം പേർ ആശുപത്രി വിട്ടതിന്റെയും ആശ്വാസത്തിലായിരുന്നു രക്ഷിതാക്കളും സ്‌കൂൾ അധികൃതരും. വൈകീട്ടോടെ ഷിഗെല്ല സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലേക്കാണ് അന്തരീക്ഷംമാറിയത്. ഭൂരിഭാഗം കുട്ടികളെയും സ്‌കൂൾ അധികൃതർ ബന്ധപ്പെട്ട് വിവരങ്ങൾ ആരായുന്നുണ്ട്.


