മാസപ്പടി കേസ്; ടി.വീണയ്‌ക്ക് ഇഡി സമൻസ്; വെള്ളിയാഴ്ച ഹാജരാകണം

കൊച്ചി: സിഎംആർഎല്‍-എക്‌സാലോജിക് കേസില്‍ ടി. വീണയ്‌ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ ഇ.ഡി ഒഫീസില്‍ ഹാജരാകണമെന്നാണ് വീണയ്‌ക്ക് നല്‍കിയ നിർദേശം.

വീണയടക്കം ഒൻപത് പേർക്കാണ് ഇ.ഡി സമൻസ് അയച്ചത്. സിഎംആർഎല്ലിന്റെ ഉടമകളിലൊരാളായ ശശിധരൻ കർത്തയുടെ മകൻ ശരണ്‍ എസ്. കർത്തയും സമൻസ് ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ബാങ്ക് രേഖകള്‍, സ്വത്ത് വിവരങ്ങള്‍, നികുതി വിവരങ്ങള്‍ എന്നിവ ഹാജരാക്കണമെന്നും വാഹനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ കൈമാറണമെന്നും ഇ.ഡി ഡയറക്ടർ അറിയിച്ചു.

പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎല്‍-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇ.ഡി അന്വേഷണം ആരംഭിച്ചത്.

വീണ ടിയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി അവകാശപ്പെടുന്നു. കഴിഞ്ഞ ദിവസം ഇ ഡി ഡയറക്ടറായ രാഹുല്‍ നവീന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. വീണയ്‌ക്കെതിരെ കേസില്‍ ശേഖരിച്ച വിവരങ്ങള്‍ യോഗത്തില്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്നും ഡയറക്ടര്‍ നിര്‍ദേശിച്ചിരുന്നു.

കേസില്‍ ഇ ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു.