സമ്മാനാര്‍ഹമായ ലോട്ടറി മോഷ്ടിച്ച് കടന്നുകളഞ്ഞു; വേഷം മാറി നടന്ന കള്ളനെ പോലീസ് പൊക്കി

മലപ്പുറം: എടപ്പാളിലെ ലോട്ടറിക്കടയിൽ നിന്ന് സമ്മാനാർഹമായ ടിക്കറ്റുകൾ മോഷ്ടിച്ച് രക്ഷപ്പെട്ട തമിഴ്നാട് സ്വദേശിയെ പോലീസ് പിടികൂടി. തമിഴ്നാട്ടിലെ മധുര സ്വദേശിയായ ഗണേഷ് ആണ് കോയമ്പത്തൂരിലെ പീളമേടിൽ നിന്ന് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ എടപ്പാളിലെ അമ്മ ലോട്ടറി ഏജൻസിയിൽ ജോലി ചെയ്തിരുന്ന ഇയാൾ, ഉടമയെ കബളിപ്പിച്ച് ഏകദേശം ഒന്നര ലക്ഷം രൂപ സമ്മാനത്തുകയുള്ള ടിക്കറ്റുകളുമായാണ് മുങ്ങിയത്.

പത്രപരസ്യം കണ്ട് ജോലിക്ക് എത്തുമ്പോൾ ഇയാൾ നൽകിയിരുന്ന മധുരയിലെ ആധാർ വിലാസം വ്യാജമാണെന്നും ഇയാൾക്ക് ബന്ധുക്കൾ ആരുമില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ആറ് മാസത്തോളമായി തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ ലോട്ടറി ഏജൻസികളിൽ ഇയാൾ ജോലി ചെയ്തു വരികയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

മോഷണം നടത്തിയ ശേഷം ഗണേഷ് സമ്മാനാർഹമായ ടിക്കറ്റുകൾ തൃശ്ശൂരിനും കോട്ടയത്തിനും ഇടയിലുള്ള ഇരുപതോളം ഏജൻസികളിൽ നൽകി പണം കൈക്കലാക്കിയിരുന്നു. ഈ പണം ഉപയോഗിച്ച് ഇയാൾ സുഹൃത്തുക്കളോടൊപ്പം കോട്ടയം, മൂന്നാർ, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഉല്ലാസയാത്രകൾ നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈൽ നമ്പറുകൾ ഉപേക്ഷിച്ച പ്രതി കോവൈ, കാഞ്ചിപുരം, ഗാന്ധിനഗർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ കോവൈ പീളമേടിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്നതിനിടയിലാണ് പോലീസ് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ വലയിലാക്കിയത്.

തിരൂർ ഡി.വൈ.എസ്.പി. എ.എം. സിദ്ധിക്കിന്റെ നിർദ്ദേശപ്രകാരം ചങ്ങരംകുളം പോലീസും തിരൂർ ഡാൻസാഫ് ടീമും സംയുക്തമായാണ് പ്രതിയെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്. ചങ്ങരംകുളം എസ്.ഐ നസിയ എം. സാഹിബ്, ഡാൻസാഫ് ടീമിലെ എ.എസ്ഐമാരായ രാജേഷ്, ജയപ്രകാശ്, സി.പി.ഒ മാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ എന്നിവർക്കൊപ്പം ചങ്ങരംകുളം സ്റ്റേഷനിലെ ഹരികൃഷ്ണൻ, രാകേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.