ഇസ്രയേലിനെ കരിമ്പട്ടികയില്‍പ്പെടുത്തി യുഎന്‍; ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതായി ഇസ്രായേല്‍

ന്യൂയോർക്ക്: ഇസ്രയേലിനെയും അവരുടെ സൈന്യത്തെയും യുദ്ധമേഖലയിലെ ലൈംഗികാതിക്രമങ്ങളുടെ കരമ്പട്ടികയില്‍പ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. പലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ സേന പീഡിപ്പിച്ചു, ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന യുഎന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി.

അതേസമയം യുഎന്‍ കരിമ്പട്ടികയില്‍ ഹമാസിനൊപ്പം ഇസ്രയേലിനെയും ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുഎന്‍ സെക്രട്ടറി ജനറലുമായിട്ടുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി ഇസ്രായേല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

”ഈ സെക്രട്ടറി ജനറലുമായുള്ള എല്ലാം അവസാനിപ്പിക്കുന്നു. യുദ്ധത്തില്‍ ആയുധമായി ലൈംഗികാതിക്രമം നടത്തുന്നുവെന്ന് ആരോപിച്ച് ഇസ്രയേലിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹമാണ് .” ഇസ്രയേല്‍ അംബാസിഡര്‍ ഡാനി ഡാനന്‍ എക്‌സില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ലൈംഗികാതിക്രമം സംബന്ധിച്ച യുഎന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് നിര്‍ബന്ധമായും പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അതാത് രാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതാണ് പതിവ്. കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ ഇസ്രയേലിനെ കരിമ്പട്ടികയില്‍ പെടുത്തിയേക്കുമെന്ന മുന്നറിയിപ്പ് രാജ്യത്തിന് നല്‍കിയിരുന്നു.

എന്നാല്‍ സെക്രട്ടറി ജനറലും ടീമും ഇസ്രയേലിനെക്കുറിച്ച് നിരന്തരം കള്ളം പ്രചരിപ്പിക്കുന്നുവെന്നും തീവ്രവാദികളായ ഹമാസിനെ ഇട്ട അതേ ലിസ്റ്റില്‍ തങ്ങളെയും ഇട്ടിരിക്കുകയാണെന്നും അത് അംഗീകരിക്കാനാവുന്നതല്ലെന്നും ഡാനന്‍ പറയുന്നു.

റിപ്പോര്‍ട്ടില്‍ അമര്‍ഷം രേഖപ്പെടുത്തി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയവും രംഗത്തെത്തി. യുഎന്നിന്റേത് നാണംകെട്ട നടപടി എന്നാണ് വിദേശകാര്യമന്ത്രാലയം വക്താവ് ഓറെണ്‍ മാര്‍മോര്‍സ്‌റ്റെയ്ന്‍ പറഞ്ഞത്.

‘ഇസ്രയേലിനെ സിആര്‍എസ്‌വി (കോണ്‍ഫ്‌ളിക്ട്-റിലേറ്റഡ് സെക്ഷ്വല്‍ വയലന്‍സ്) റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അനക്‌സില്‍ ഇസ്രയേലിനെ ഉള്‍പ്പെടുത്തിയ നടപടി നാണംകെട്ടതും വിഡ്ഢിത്തവുമാണ്. ഈ റിപ്പോര്‍ട്ട് വെളിവാക്കുന്നത് യുഎന്നിന്റെ യഥാര്‍ഥമുഖമാണ്. രാഷ്ട്രീയപരവും അഴിമതിയും നിറഞ്ഞ സംഘടന അതിന്റെ എല്ലാ നയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഇസ്രയേലിനെ അവരുടെ സുപ്രധാന ലക്ഷ്യമായി കണക്കാക്കുകയാണ് ചെയ്യുന്നത്,’ ഓറെണ്‍ മാര്‍മോര്‍സ്‌റ്റെയ്ന്‍ പറഞ്ഞു.