ബ്ലൂ ഒറിജിന്‍റെ ‘ന്യൂ ഗ്ലെൻ’ റോക്കറ്റ് വിക്ഷേപണത്തിന് തയാറെടുക്കുന്നതിനിടെ പൊട്ടിത്തെറിച്ചു

ഫ്ലോറിഡ: ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്റെ വിക്ഷേപണ വാഹനമായ “ന്യൂ ഗ്ലെൻ’ റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡില്‍ പൊട്ടിത്തെറിച്ചു.

ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള സ്പേസ് ലോഞ്ച് കോംപ്ലക്സ് 36-ല്‍ വ്യാഴാഴ്ച രാത്രി ഒൻപതിനായിരുന്നു സംഭവം. ഹോട്ട്ഫയർ പരിശോധനയ്ക്കിടെയാണ് വൻ സ്ഫോടനമുണ്ടായത്. പരീക്ഷണ സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.\

ലോ എർത്ത് ഓർബിറ്റില്‍ വിന്യസിക്കുന്നതിനുള്ള 48 ആമസോണ്‍ ലിയോ ബ്രോഡ്ബാൻഡ് ഉപഗ്രഹങ്ങള്‍ 320 അടി ഉയരമുള്ള ഈ ഭീമൻ റോക്കറ്റിലുണ്ടായിരുന്നു.

റോക്കറ്റ് പൊട്ടിത്തെറിച്ച്‌ പ്രദേശം മുഴുവൻ വൻതോതില്‍ തീയും പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശതകോടീശ്വരനായ ജെഫ് ബെസോസ് 2000-ല്‍ സ്ഥാപിച്ച പ്രമുഖ ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയാണ് ബ്ലൂ ഒറിജിൻ.

ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സിനോട് മത്സരിക്കാൻ കമ്പനി തയാറാക്കിയ വമ്പൻ റോക്കറ്റിന്റെ ഈ തകർച്ച വലിയൊരു തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കമ്പനി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ തകർച്ചയെ ഒരു അപാകത എന്നാണ് കമ്പനി വിശേഷിപ്പിച്ചത്. സാങ്കേതിക തകരാറിനെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ കമ്പനി നിലവില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.