മനുഷ്യൻ ഇതുവരെ കരുതിയതിലും അതിവേഗത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായിപ്പിളരുകയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ആഫ്രിക്കയിലെ തുർക്കാന റിഫ്റ്റ് സിസ്റ്റത്തിൽ നടത്തിയ പഠനങ്ങളാണ് നേയ്ചർ കമ്യൂണിക്കേഷൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചത്.
ആഫ്രിക്കയിലെ കെനിയയിലും എത്യോപ്യയിലുമായി വ്യാപിച്ചുകിടക്കുന്ന തുർക്കാന റിഫ്റ്റ് സിസ്റ്റം ഭൂമിയുടെ ഉപരിതലപാളികൾ (ടെക്ടോണിക് പ്ലേറ്റ്) പരസ്പരം അകന്നുമാറുന്നതിനാൽ ഉണ്ടായ പ്രതിഭാസമാണ്. ആഫ്രിക്കൻ ടെക്ടോണിക് പ്ലേറ്റ് ഇപ്പോൾ നൂബിയൻ പ്ലേറ്റ്, സൊമാലി പ്ലേറ്റ് എന്നിങ്ങനെ രണ്ടായി പിളർന്നുകൊണ്ടിരിക്കുന്നു. നാലു കോടി വർഷങ്ങൾക്ക് മുൻപാരംഭിച്ച ഈ പ്രതിഭാസം പൂർത്തിയാകുന്നതോടെ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ഒരുഭാഗം ഇളകിമാറുകയും ഇതിനിടയിൽ ഒരു പുതിയ സമുദ്രം രൂപപ്പെടുകയും ചെയ്യും.
ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് നടത്തിയ പുതിയ പഠനത്തിൽ റിഫ്റ്റിന്റെ പല ഭാഗങ്ങളിലും ഭൂമിയുടെ പുറംപാളിക്ക് വിചാരിച്ചതിലും ഏറെ കട്ടികുറവാണെന്ന് കണ്ടെത്തി. ശരാശരി 35 കിലോമീറ്റർ കനം വേണ്ടിടത്ത് 13 കിലോമീറ്റർ മാത്രമാണ് കനമുള്ളത്.
ഭൂവൽക്കത്തിന് വൻതോതിൽ കനംകുറയുന്ന ‘നെക്കിങ്’ എന്ന ഘട്ടത്തിലൂടെ കടന്നുപോകുകയാണ് പ്രദേശം. ഇതുകൊണ്ടുതന്നെ മനുഷ്യൻ കരുതിയതിനും ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപുതന്നെ ആഫ്രിക്ക രണ്ടായിപ്പിളരും. ഭൂമിയുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ വേഗത്തിൽ സംഭവിക്കുമെന്ന് പറയാനാകുമെങ്കിലും ഇനിയും ദശലക്ഷക്കണക്കിന് വർഷങ്ങൾ വേണം ഈ പ്രക്രിയ പൂർത്തിയാകാൻ.



