യുഎഇക്ക് നേരെ വീണ്ടും ആക്രമണം: വെടിനിര്‍ത്തല്‍ പ്രതിസന്ധിയിലാക്കി ഇറാൻ

ദുബായ്: യുഎസ്-ഇറാൻ വെടിനിർത്തല്‍ കരാർ ലംഘിച്ചുകൊണ്ട് മേഖലയില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍. ഹോർമുസ് കടലിടുക്കില്‍ യുഎസ് യുദ്ധക്കപ്പലുകളെ ലക്ഷ്യമിട്ടെത്തിയ ഇറാനിയൻ നീക്കങ്ങളെ അമേരിക്കൻ സേന തകർത്തു.

ഇതിന് പിന്നാലെ യുഎഇക്ക് നേരെയും ഇറാൻ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി റിപ്പോർട്ടുകളുണ്ട്. യുഎഇയില്‍ നാശനഷ്ടങ്ങളൊന്നും ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

ഇറാൻ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക നടത്തിയ പ്രത്യാക്രമണത്തെ “സ്നേഹസ്പർശം” (Love tap) എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. വെടിനിർത്തല്‍ കരാർ ഇപ്പോഴും നിലവിലുണ്ടെന്നും ഏത് നിമിഷവും സമാധാന കരാർ ഒപ്പിട്ടേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ എണ്ണ-വാതക നീക്കം പുനഃസ്ഥാപിക്കാൻ ഇറാൻ തയ്യാറായില്ലെങ്കില്‍ കൂടുതല്‍ ശക്തമായ ബോംബാക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ആവർത്തിച്ചു.

പാകിസ്ഥാൻ മുഖേന അമേരിക്ക നല്‍കിയ പുതിയ നിർദ്ദേശങ്ങള്‍ പരിശോധിക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ഇറാനെതിരെ ആക്രമണം തുടങ്ങിയതോടെയാണ് മേഖലയില്‍ യുദ്ധം ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതിയോടുള്ള വിയോജിപ്പും ഹോർമുസ് കടലിടുക്കിലെ തർക്കങ്ങളുമാണ് പ്രധാനമായും യുദ്ധത്തിന് വഴിവെച്ചത്.