ടെലിവിഷൻ ചാനലുകൾക്ക് ഭ്രാന്ത് ; കേട്ട് കേട്ട് എനിക്കും ഭ്രാന്ത്

കെ.എൻ .ആർ

എല്ലാറ്റിനും ഭ്രാന്ത്. മുഴുത്ത ഭ്രാന്ത്. ഭ്രാന്ത് പിടിപ്പിക്കുന്നതോ ചാനലുകൾ. ആരാണ് മുഖ്യമന്ത്രി ആകാൻ യോഗ്യൻ എന്ന് പറയാനുള്ള ആർജവം ഒരു ചാനലുകാർക്കും ഇല്ല. അവർ എല്ലാ വരെയും മുഖ്യമന്ത്രിയാക്കുകയാണ്. രണ്ട് ദിവസം കാത്തിരിക്കാൻ പറ്റില്ലേ ?

അങ്ങനെ കാത്തിരുന്നാൽ റേറ്റിങ്ങ് കിട്ടുമോ ?
ആര് മുഖ്യമന്ത്രിയാകും എന്നത് നാളെയോ മറ്റെന്നാളോ അറിയാം. പക്ഷേ ജനങ്ങളെ പിമ്പിരി ആക്കണം. അതിന് നിറം പിടിപ്പിച്ച കഥകൾ മെനയണം.

വേണുഗോപാലിൻ്റെ പിന്നാലെ എത്ര പേർ ഉണ്ടെന്നു ടിവിക്കാർക്ക് അറിയാം. വെച്ചനത്തിവിടുകയാണ് എണ്ണത്തിൻ്റെ കണക്ക്. ഡൽഹിയിൽ നിന്നെത്തിയ നിരീഷകർ ടിവിക്കാരോട് പറഞ്ഞോ? മറ്റൊരു ചാനൽ രമേശ് ചെന്നിത്തലയുടെ കൂടെ നിൽക്കുന്ന എം.എൽ എമാരുടെ എണ്ണം നിരത്തുകയായി. ചിലരാകട്ടെ വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന് വാദിക്കുന്നവരുടെ എണ്ണം പറഞ്ഞ് ആഘോഷിക്കുന്നു.

റ്റി.വിക്കാരുടെ അർത്ഥമില്ലാത്ത ഈ ചീപ്പ് ചർച്ചകളാണ് ജനങ്ങളെ അസ്വസ്ഥരാക്കുന്നത്. ജനങ്ങൾ ഇതെല്ലാം വിശ്വസിക്കുകയാണ്. റ്റി.വിക്കാരുടെ നിഗമനങ്ങളാണ് ഇതൊക്കെ. 102 എം എൽ. ഏമാരിൽ ഒരാൾ പോലും ഇന്ന ആൾ മുഖ്യമന്ത്രിയാകണമെന്ന് പരസ്യമായി പറഞ്ഞിട്ടേയില്ല. അവർക്കങ്ങനെ പറയാൻ പറ്റില്ല.

റ്റിവിക്കാരുടേത് വെറും തോന്നലുകളാണ്. ഇത് ജനങ്ങളുടെ ഇടയിൽ ചേരിതിരിവ് സൃഷ്ടിക്കുന്നു. ഒരു കാര്യം തന്നെ പല പ്രാവശ്യം ഒരുപാട് ചാനലുകളിൽ ഒരു പോലെ വിളമ്പി കൊണ്ടിരുന്നാൽ ഗ്രൂപ്പില്ലാത്തവൻ്റെ മനസിലും ഗ്രൂപ്പ് നാമ്പിടും. ഒരുവൻ്റെ ചുറ്റും നിന്ന് ഇടതടവില്ലാതെ ഭ്രാന്താ എന്ന് വിളിച്ചാലോ അവനറിയാതെ അവനിൽ ഒരു തരം ഭാവചേഷ്ടകളുണ്ടാകും. പത്തു പേർ ചുറ്റും നിന്ന് കൂവിയാലോ ?

ഇതാണ് കേരള ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങി നുണ പറഞ്ഞു നടക്കുന്ന സ്ത്രീകളെപ്പോലെയാണ് ചാനലുകൾ. താൻ നുണ പറഞ്ഞ് പരിഹസിച്ചവരെ കണ്ടാലോ ഒന്നും അറിയാത്തവരെപ്പോലെ കെട്ടിപിടിക്കും ഉമ്മ വയ്ക്കും. നാട് നീളെ നുണ പറഞ്ഞ് നടന്ന് കലാപം ഉണ്ടാക്കും ഈ സ്ത്രീകൾ. ഇത് തന്നെ റ്റിവിക്കാരും ചെയ്യുന്നു.

എന്നാൽ ഇന്നയാളാണ് ‘ യോഗ്യൻ ‘ എന്ന് പറയുമോ? ഇല്ലേയില്ല. അത് പോകട്ടെ ഞായറാഴ്ച വരെ റ്റിവിക്കാർ കാത്തിരിക്കുമോ? ഇല്ലേയില്ല. കാരണം കോൺഗ്രസിനെ കലുഷിതമാക്കണം. ജനങ്ങളെ വട്ടാക്കണം. നേതാക്കളെ തമ്മിലടിപ്പിക്കണം. ഇതൊക്കെയാണോ മാധ്യമധർമ്മം.

കഴിഞ്ഞ 10 വർഷമായി 1000 പേർക്ക് തൊഴിൽ കിട്ടുന്ന ഒരൊറ്റ വ്യവസായം കേരളത്തിൽ തുടങ്ങിയിട്ടില്ല. കേരളത്തിൽ ഇനി വെളിച്ചക്ഷാമം ഉണ്ടാകാൻ പോകുന്നു. യുവാക്കൾ നാടുവിടുന്നു. പ്രകൃതിക്ഷോഭത്തിൽ പിരിച്ച തുക എവിടെ ? ജാതിവിദ്വേഷം ഉണ്ടാക്കുന്ന വെള്ളാപ്പള്ളിമാരെ വലിച്ചു കീറാത്തതെന്ത്? യുവാക്കൾക്ക് തൊഴിലില്ല.

ഇതൊന്നും റ്റിവിക്കാർ കാണുന്നില്ല. ഇവർക്ക് ജനങ്ങളെ ഭ്രാന്ത് പിടിപ്പിച്ച് അവരെ പിമ്പിരികേറ്റണം. റേറ്റിംഗ് കൂട്ടണം. അതിനായി സാങ്കൽപ്പികമായി വാർത്തകൾ ഉണ്ടാക്കി ഛർദ്ദിച്ചു കൊണ്ടിരിക്കുന്നു.

അവസാനം കൂളായി ഒരു മുഖ്യമന്ത്രി ചാർജെടുക്കും. പ്രശ്‌നങ്ങൾ തീരും. പക്ഷേ റ്റിവിക്കാർ നിർത്തില്ല. അവർ പിന്നെയും പറഞ്ഞു കൊണ്ടിരിക്കും.

അതിൽ ഒരു റ്റിവിക്കാരനെങ്കിലും പറയും പിഷാരടിയെയാണ് മുഖ്യമന്ത്രിയാക്കേണ്ടിയിരുന്നതെന്ന്.

എന്നിൽ ഭ്രാന്തിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോൾ ഭാര്യ പറഞ്ഞു റ്റിവി കാണൽ നിർത്താൻ .