മൂന്നു തലമുറകളുടെ പുസ്തകങ്ങളുടെ പ്രകാശനം
തിരുവനന്തപുരം: സ്വന്തം സർഗ്ഗ രചനകളെ ഹൃദ്യമായ ദൈവോന്മുഖ സന്ദേശങ്ങളാക്കിമാറ്റി അനുവാചകരുടെ ആദരം നേടിയ സാമുവൽ മേനയുടെ ജന്മശതാബ്ദി വർഷമാണിത്. പത്രാധിപർ, നോവലിസ്റ്റ്, ചിത്രകാരൻ, ഫൊട്ടോഗ്രാഫർ, ഡിസൈനർ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭാവിലാസങ്ങളുടെ അപൂർവ്വതയുമായി അറുപത്തിമൂന്നാണ്ട് ജീവിച്ചിരുന്ന മേന ജനിച്ചിട്ട് നൂറു വർഷമാകുന്നു. (1926 ഏപ്രിൽ 23 – 1989 സെപ്റ്റംബർ 25)

മേനയുടെ സ്മരണയുണർത്തുന്ന സാമുവൽ മേന പുരസ്കാരവും ഒരുലക്ഷം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്ത സംവിധായകൻ ബ്ലെസിക്കു സമ്മാനിക്കും.
ഇതോടനുബന്ധിച്ച് മൂന്നുതലമുറകളാൽ രചിക്കപ്പെട്ട അഞ്ചു ഗ്രന്ഥങ്ങളുടെ പ്രകാശനവും നടക്കും. മേനയുടെ മരുമകൾ സിൽവി മാക്സി മേന രചിച്ച ‘മേന’ (ജീവചരിത്രം), സാമുവൽ മേനയുടെ മാസ്റ്റർപീസ് നോവൽ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങൾ’ മൂന്നാം പതിപ്പ്, മകൻ മാക്സി വിശ്വാസ് മേനയുടെ കഥാസമാഹാരം ‘മാനസrover’, മേനയുടെ കൊച്ചുമകൾ കൃപ ഗ്ലാഡിസ് മേന, സിൽവി മാക്സി മേന എന്നിവരുടെ ‘മൊട്ടസ്റ്റോ’ ( മദർ ടോൾഡ് സ്റ്റോറീസ് ), കൃപ ഗ്ലാഡിസ് മേനയുടെ ‘വോട്ട് ഫോർ ഹാംലറ്റ്!’ എന്നീ ഗ്രന്ഥങ്ങളാണ് പ്രകാശനം ചെയ്യുക.
മൊട്ടസ്റ്റോയിലെ ഓരോ രചനകളും ഇന്ത്യൻ സൈൻ ലാംഗ്വേജിൽ വിവർത്തനം ചെയ്ത്, ക്യൂ ആർ കോഡിൽ ലഭ്യമാക്കിയിട്ടുണ്ട്. ബധിര വിഭാഗക്കാരും, കാഴ്ചയില്ലാത്തവരുമായ ഭിന്നശേഷിക്കാർക്ക്ആസ്വദിക്കാൻ പാകത്തിലാണ് ഇത് തയാറാക്കിയിരിക്കുന്നത്.
1926 ഏപ്രിൽ 23 ന്, കോഴിക്കോട് ദക്ഷിണേന്ത്യാ ദൈവസഭയുടെ സീനിയർ പാസ്റ്റർ ജോസഫ് മേനയുടെ മൂത്ത മകനായി ജനിച്ച സാമുവൽ മേന മുപ്പതാം വയസിലാണ് രക്ഷിക്കപ്പെടുന്നത്. സിലോൺ ഹൗസ് ടെക്സ്റ്റയിൽസിൽ വീവിംഗ് ഡിസൈനറായി ഔദ്യോഗിക ജീവിതം ആരംഭിച്ച മേന 1971-ൽ സാഹിത്യത്തിലൂടെയുള്ള സുവിശേഷീകരണം ലക്ഷ്യമാക്കി ജോലി ഉപേക്ഷിച്ച് കുടുംബമായി ചെങ്ങന്നൂരുള്ള സഭാ ആസ്ഥാനത്തിലെത്തി. അവിടെ ‘ജീവമന്ന’ മാസികയുടെ പത്രാധിപരായി ചുമതലയേറ്റു. വൈകാതെ ദക്ഷിണേന്ത്യാ ദൈവസഭയുടെ ജനറൽ സെക്രട്ടറിയായി ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. സുവിശേഷം ലക്ഷ്യമാക്കിയുള്ള ജീവമന്ന റേഡിയോ മിനിസ്ട്രിയും ആരംഭിച്ചു.
ചലചിത്രത്തിലൂടെയുള്ള സുവിശേഷീകരണം എന്നത് മേനയുടെ സ്വപ്‌നമായിരുന്നു. ഇതിനായി തിരക്കഥാ രചനയ്ക്കു തുടക്കമിട്ട മേനയെ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് സഭയിൽനിന്നും സഹ പ്രവർത്തകരിൽ നിന്നുമുണ്ടായത്. ‘സിനിമ’ പാപമായി കണ്ടിരുന്ന, താനുൾപ്പെട്ട സഭാവിഭാഗം മേനയുടെ കാഴ്ചപ്പാടിനോട് വിമുഖത പ്രകടിപ്പിച്ചപ്പോൾ തിരക്കഥ, നോവലായി തിരുത്തിയെഴുതാൻ മേന നിർബന്ധിതനായി. ‘ജലസേചനം’ എന്ന നോവൽ പിറക്കുന്നത് അങ്ങനെയാണ്.
ദക്ഷിണേന്ത്യാ ദൈവസഭയുടെ ആസ്ഥാനം 1977 ൽ കൊച്ചിയിലേക്കുമാറ്റിയപ്പോൾ മേനയും കുടുംബവും അവിടേക്കുമാറി.
1979 ൽ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയ മേന ‘ഡയലോഗ്’ മാസികയുടെ പത്രാധിപരായി ചുമതലയേറ്റു. മുപ്പതു വർഷം കൊണ്ട് എഴുതി പൂർത്തിയാക്കിയ മാസ്റ്റർപീസ് നോവൽ ‘നിക്ഷേപം നിറയ്ക്കപ്പെട്ട മൺപാത്രങ്ങൾ’ ക്കു പുറമേ ‘മൂന്നാംപിറ’, ‘ആരും അനാഥരല്ല’ എന്നീ നോവലുകളും ഒട്ടേറെ ചെറുകഥകളും ലേഖനങ്ങളും മേനയുടേതായിട്ടുണ്ട്.
വിദേശ ഭാഷകളുൾപ്പെടെ മുപ്പതിലേറെ ഭാഷകളിലേക്ക് മൊഴിമാറ്റുകയും ലക്ഷക്കണക്കിന് പതിപ്പുകൾ വിതരണം ചെയ്യുകയും ചെയ്ത ‘അല്പദാസൻ അത്ഭുതകരങ്ങളിൽ’ എന്ന ജീവചരിത്ര ഗ്രന്ഥം രചിച്ചത് സാമുവൽ മേനയാണ്.
1989 സെപ്റ്റംബർ 25 ന് അറുപത്തിമൂന്നാം വയസിലാണ് മേന നിത്യതയിൽ പ്രവേശിക്കുന്നത്.
ഏപ്രിൽ 25 ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം സ്റ്റാച്യുവിലുള്ള YMCA കോമ്പൗണ്ടിലെ ബ്രിട്ടീഷ് ലൈബ്രറി ഹാളിലാണ് പുരസ്കാര വിതരണവും പുസ്‌തക പ്രകാശനവും നടക്കുന്നത്.
എഴുപതുകളിൽ മേന ദക്ഷിണേന്ത്യാ ജനറൽ സെക്രട്ടറിയായിരിക്കെ സഭയുടെ ട്രഷറാർ ചുമതല വഹിച്ചിരുന്ന റിട്ട: ജില്ലാ സെഷൻസ് ജഡ്ജി എ. ഡെന്നിസൻ സമ്മേളനത്തിൽ അധ്യക്ഷനായിരിക്കും. പ്രശസ്ത കർണ്ണാടക സംഗീതജ്ഞൻ അശ്വതി തിരുനാൾ രാമവർമ്മ, സാമുവൽ മേന പുരസ്കാരം വിതരണം ചെയ്യും. മേനയുടെ മകൾ മിനി ഏബ്രഹാം ക്യാഷ് അവാർഡ് ബ്ലെസിക്കു സമ്മാനിക്കും.
കുന്ദൻലാൽ സൈഗാൾ, പങ്കജ് മല്ലിക്, കിഷോർ കുമാർ എന്നിവർ ആലപിച്ച മേനയുടെ ഇഷ്ടഗാനങ്ങൾ പ്രശസ്ത പിന്നണി ഗായകൻ പ്രദീപ് സോമസുന്ദരൻ ആലപിക്കും. മേനയുടെ കൊച്ചുമകൻ ആശിഷ് പ്രത്യാശ് മേന ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ചലചിത്ര അക്കാദമി മുൻ അധ്യക്ഷൻ പ്രേംകുമാർ, യുണൈറ്റഡ് ക്രിസ്ത്യൻ മൂവ്മെൻ്റ് അധ്യക്ഷൻ ഷെവലിയർ ഡോ. കോശി എം. ജോർജ്, റവ.സാം വർഗ്ഗീസ്, ജോൺ വർഗ്ഗീസ്, ക്രിസ്റ്റിസൺ സാരസം തുടങ്ങിയവർ പ്രസംഗിക്കും.



