ആൻഡമാൻ കടലില്‍ റോഹിങ്ക്യൻ അഭയാര്‍ഥികളുടെ ബോട്ട് മുങ്ങി; 250-ഓളം പേരെ കാണാതായി

ആൻഡമാൻ കടലില്‍ റോഹിങ്ക്യൻ അഭയാർഥികളും ബംഗ്ലാദേശികളും സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഏകദേശം 250 ഓളം പേരെ കാണാതായതായി ഐക്യരാഷ്ട്രസഭ.

പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സഞ്ചരിച്ചിരുന്ന ബോട്ട്, ശക്തമായ കാറ്റിലും കടല്‍ക്ഷോഭത്തില്‍ പെട്ടാണ് അപകടത്തില്‍പ്പെട്ടത്. അമിതഭാരവും അപകടത്തിന് കാരണമായതായി യുഎൻ ഹൈക്കമ്മീഷണർ ഫോർ റെഫ്യൂജീസ് (യുഎൻഎച്ച്‌സിആർ) ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

മ്യാൻമറില്‍ നേരിടുന്ന പീഡനങ്ങളില്‍ നിന്നും ആഭ്യന്തര യുദ്ധത്തില്‍ നിന്നും രക്ഷപ്പെടാൻ ആയിരക്കണക്കിന് റോഹിങ്ക്യകളാണ് ഓരോ വർഷവും ഇത്തരം ദുർഘടമായ സാഹചര്യങ്ങളില്‍ കടല്‍മാർഗം പലായനം ചെയ്യുന്നത്. ഇന്തോനേഷ്യയിലേക്ക് പോവുകയായിരുന്ന ബംഗ്ലാദേശ് കോസ്റ്റ് ഗാർഡിന്റെ കപ്പല്‍ ഏപ്രില്‍ ഒമ്പതിന് ഒരു സ്ത്രീയുള്‍പ്പെടെ ഒമ്പത് പേരെ കടലില്‍ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. ആഴക്കടലില്‍ ഡ്രമ്മുകളിലും മരത്തടികളിലും തൂങ്ങിക്കിടന്ന നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്ന് ബിസിജി വക്താവ് ലെഫ്റ്റനന്റ് കമാൻഡർ സാബിർ ആലം സുജൻ പറഞ്ഞു.

36 മണിക്കൂറോളമാണ് തങ്ങള്‍ കടലില്‍ ഒഴുകി നടന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട റഫീഖുല്‍ ഇസ്ലാം പറഞ്ഞു. മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്താണ് മനുഷ്യക്കടത്തുകാർ തന്നെ ബോട്ടില്‍ കയറ്റിയത്. ബോട്ടിനുള്ളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു. ശ്വാസം മുട്ടിയും മറ്റും പലരും ബോട്ടിനുള്ളില്‍വെച്ച്‌ തന്നെ മരിച്ചിരുന്നു. ബോട്ട് പുറപ്പെട്ട് നാല് ദിവസത്തിന് ശേഷമാണ് മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

മ്യാൻമർ, തായ്ലൻഡ്, മലായ് ഉപദ്വീപ് എന്നിവയുടെ തീരങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് ആൻഡമാൻ കടല്‍. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായതിനാലും റോഹിങ്ക്യൻ വംശജർ ധാരാളമായി ഉള്ളതിനാലും മലേഷ്യയിലേക്കാണ് ഭൂരിഭാഗം പേരും കുടിയേറാൻ ശ്രമിക്കുന്നത്. 2017-ല്‍ മ്യാൻമർ സൈന്യം നടത്തിയ ആക്രമണത്തെ തുടർന്ന് ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യകളാണ് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. റോഹിങ്ക്യൻ അഭയാർഥി പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാത്തതിന്റെ ഭീകരമായ ഫലമാണ് ഇത്തരം ദുരന്തങ്ങളെന്ന് യുഎൻഎച്ച്‌സിആർ വ്യക്തമാക്കി.