വീണ്ടും യുഎസ് – ഇറാൻ ചര്‍ച്ചയ്ക്ക് നീക്കം; രണ്ട് വേദികള്‍ പരിഗണനയില്‍, വ്യാഴാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: വെടിനിർത്തല്‍ കാലാവധി തീരുന്നതിന് മുൻപ് യുഎസും ഇറാനും തമ്മില്‍ വീണ്ടും ചർച്ചയ്ക്ക് സാധ്യത. ഇസ്‌ലാമാബാദിലെ ചർച്ച പരാജയപ്പെട്ടെങ്കിലും, ഏപ്രില്‍ 21-ന് വെടിനിർത്തല്‍ കാലാവധി തീരുന്നതിന് മുൻപ് വീണ്ടും ചർച്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്.

ഇറാൻ നിബന്ധനകള്‍ അംഗീകരിക്കാൻ തയ്യാറായാല്‍ ചർച്ചയ്ക്ക് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ജനീവയിലോ ഇസ്‌ലാമാബാദിലോ വ്യാഴാഴ്ച ചർച്ച നടത്താനാണ് ആലോചന. ചർച്ചകള്‍ പുനരാരംഭിക്കാൻ നീക്കം നടക്കുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഇസ്‌ലാമാബാദില്‍ നടന്ന ചർച്ചകള്‍ പൂർണ്ണ പരാജയമാണെന്ന് പറയാനാകില്ലെന്നും ഇറാൻ ചില കാര്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പറഞ്ഞു. സ്റ്റീവ് വിറ്റ്‌കോഫ്, കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയാണ് വാൻസ് നയിച്ചത്. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ഇറാൻ സംഘത്തിന് നേതൃത്വം നല്‍കിയത്. ഇറാൻ അമേരിക്കയുടെ നിലപാടുകളോട് കുറച്ചുകൂടി അടുത്തുവെന്നും എന്നാല്‍ പൂർണ്ണമായൊരു കരാറിലെത്താൻ ആവശ്യമായ വിട്ടുവീഴ്ചകള്‍ അവർ ചെയ്തിട്ടില്ലെന്നും ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വാൻസ് വ്യക്തമാക്കി. ഇനിയുള്ള നീക്കം ഇറാന്റെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരാറില്‍ എത്താതെ 21 മണിക്കൂർ നീണ്ട ചർച്ച

ഞായറാഴ്ച ഇസ്‌ലാമാബാദില്‍ നടന്ന 21 മണിക്കൂർ നീണ്ട ചർച്ച കരാറില്‍ എത്താതെ പിരിയുകയായിരുന്നു. ആഗോള എണ്ണ വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കല്‍, ഇറാന്റെ ആണവ പദ്ധതി, രാജ്യാന്തര ഉപരോധങ്ങള്‍ തുടങ്ങിയ നിർണ്ണായക വിഷയങ്ങളാണ് ചർച്ചയില്‍ ഉയർന്നു വന്നത്. ലബനനില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണങ്ങളും ചർച്ചയില്‍ ഉയർന്നുവന്നു. എന്നാല്‍ ഇറാന്‍റെ ആണവ പദ്ധതി 20 വർഷത്തേക്ക് മരവിപ്പിക്കണമെന്ന അമേരിക്കയുടെ പിടിവാശിയില്‍ ചർച്ച വഴിമുട്ടിയെന്നാണ് റിപ്പോർട്ട്. 5 വർഷം വരെ ആണവ പദ്ധതി ഒഴിവാക്കാമെന്ന് ഇറാൻ വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറണമെന്ന യുഎസ്‍റെ ആവശ്യവും ഇറാൻ അംഗീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിർത്തല്‍ അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, പുതിയ ചർച്ചകള്‍ ഫലം കണ്ടില്ലെങ്കില്‍ മേഖലയില്‍ വീണ്ടും യുദ്ധം കടുക്കുമെന്ന ആശങ്ക ശക്തമാണ്.