ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് ഒരേയൊരു പരിഹാരമിത്; ദ്വിരാഷ്ട്ര നിലപാട് ആവർത്തിച്ച് മാർപ്പാപ്പ

ഇസ്രായേൽ-പലസ്തീൻ തർക്കം പരിഹരിക്കുന്നതിനുള്ള ഹോളി സീയുടെ ദ്വിരാഷ്ട്ര ഫോർമുലയിലുള്ള നിർബന്ധം ആവർത്തിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇരുപക്ഷത്തിനും നീതി ഉറപ്പാക്കാൻ കഴിയുന്ന ഏക പരിഹാരം ഇതാണെന്ന് തൻ്റെ ആദ്യത്തെ ആകാശ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

തൻ്റെ ആദ്യ വിദേശയാത്രയുടെ അവസാന ഘട്ടത്തിനായി ഇസ്താംബൂളിൽ നിന്ന് ബെയ്‌റൂട്ടിലേക്ക് പറക്കുന്നതിനിടെയാണ് മാർപാപ്പ ഈ അഭിപ്രായപ്രകടനം നടത്തിയത്. അനൗപചാരിക സദസ്സുകളിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മാർപാപ്പ ഉത്തരം നൽകാറുണ്ടെങ്കിലും, തൻ്റെ മുൻഗാമികളുടെ പാരമ്പര്യം പിന്തുടർന്ന് വിദേശയാത്രകൾ മാധ്യമങ്ങളുമായി സംവദിക്കാൻ ഉപയോഗിക്കുന്ന ആദ്യത്തെ വാർത്താ സമ്മേളനമാണിത്.

സഭയ്ക്കുള്ളിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും സഭയും ഇതര സഭകളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും ക്രൈസ്തവരും ഇതര മതങ്ങളും തമ്മിലുണ്ടാകേണ്ട ഐക്യത്തെ പറ്റിയും മാർപ്പാപ്പ തുർക്കി, ലെബനൻ യാത്രയിലുടനീളം സംസാരിച്ചു. സഭയും ഇതര സഭകളും തമ്മിൽ ഐക്യമുണ്ടാവണമെന്നും പരസ്പരം ഭ്രഷ്ട് കൽപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മാർപ്പാപ്പ ഊന്നിപ്പറഞ്ഞു.

തുർക്കിയിലെ മുസ്ലിം പള്ളിയിൽ മാർപ്പാപ്പ സന്ദർശനം നടത്തി. അക്രമത്തെ ന്യായീകരിക്കാൻ പോലും മതത്തെ ഉപയോഗിക്കുന്ന കാലത്ത് യഥാർത്ഥ മതവിശ്വാസികൾ തമ്മിൽ സാഹോദര്യമുണ്ടാകണമെന്ന് മാർപ്പാപ്പ എടുത്തു പറഞ്ഞു. ലെബനോനിലേക്ക് പോകുമ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. ഇസ്രയേൽ – പലസ്തീൻ സംഘർഷത്തെ കുറിച്ച് ചോദിച്ചപ്പോൾ രണ്ട് രാജ്യങ്ങളുണ്ടാവുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നാണ് സഭയുടെ എക്കാലത്തെയും നിലപാടെന്ന് അദ്ദേഹം പറഞ്ഞു- “ഇപ്പോഴും ഇസ്രയേൽ ആ പരിഹാരം അംഗീകരിക്കുന്നില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പക്ഷേ അതാണ് ഒരേയൊരു പരിഹാരമെന്ന് ഞങ്ങൾ കരുതുന്നു”

വിമാനയാത്ര ദൈർഘ്യം കുറവായതിനാൽ വാർത്താസമ്മേളനം തുർക്കി മാധ്യമപ്രവർത്തകരുടെ രണ്ട് ചോദ്യങ്ങളിലായി പരിമിതപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച റോമിലേക്ക് മടങ്ങുമ്പോൾ അടുത്ത കൂടിക്കാഴ്ച ദൈർഘ്യമുള്ളതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.