മണിപ്പൂരില്‍ നിന്നും മിസോറാമില്‍ നിന്നും ജൂതന്‍മാരെ ഇസ്രയേല്‍ മടക്കി കൊണ്ടുപോകും

ന്യൂദല്‍ഹി:ഇന്ത്യയിലെ മണിപ്പൂരില്‍ നിന്നും മിസോറാമില്‍ നിന്നും ജൂതന്‍മാരെ ഇസ്രയേല്‍ അവരുടെ വാഗ്ദത്ത ഭൂമിയിലേക്ക് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മേല്‍നോട്ടത്തില്‍ മടക്കിക്കൊണ്ടുപോകുന്നു.

ഇവരെ ഇസ്രയേല്‍-ലെബനന്‍ അതിര്‍ത്തിപ്രദേശത്താണ് പാര്‍പ്പിക്കുക. ജൂതന്മാരില്‍പ്പെട്ട ബ് നെയ് മെഹ് നെഷെ എന്ന ഗോത്രവര്‍ഗ്ഗക്കാരെയാണ് തിരിച്ചുവിളിക്കുന്നത്.

ഇക്കൂട്ടര്‍ ഈ രണ്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏകദേശം പതിനായിരം പേരോളം കാണുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതില്‍ 5800 പേരെയാണ് ഘട്ടം ഘട്ടമായി മടക്കിക്കൊണ്ട്പോകുക. ആദ്യ ബാച്ചില്‍ 1200 പേരെ 2026 അവസാനത്തില്‍ ഇസ്രയേലിലേക്ക് കൊണ്ട് പോകും.

മിസോറാം, മണിപ്പൂർ എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഒരു വംശീയ സമൂഹമാണ് ബ് നെയ് മെഹ് നെഷെ. ‘മെഹ് നെഷെ മക്കള്‍’ എന്നാണ് ഈ പേരിനർത്ഥം. ഈ ഗോത്രവര്‍ഗ്ഗക്കാര്‍ ഇസ്രയേലില്‍ നിന്നും പണ്ട് പേർഷ്യ, അഫ്ഗാനിസ്ഥാൻ, ചൈന, കായിൻ മലനിരകള്‍ വഴി വന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയില്‍ എത്തിച്ചേർന്ന് സ്ഥിരതാമസമാക്കി എന്നാണ് ഇവരുടെ വിശ്വാസം.

ഇന്ത്യയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയി ഇസ്രയേലിലെ വടക്കൻ പ്രദേശമായ ഗലീലി മേഖലയില്‍ പുനരധിവസിപ്പിക്കാനാണ് സാധ്യത. ലെബനനിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണിത്. ഗലീലി മേഖലയെ കൂടുതല്‍ ഇസ്രയേലികളെ നിറച്ച്‌ ശക്തിപ്പെടുത്തുക എന്ന ഒരു തന്ത്രപരമായ ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ട്.