‘നിയമ നടപടി’ യെന്ന് മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെക്കേണ്ടി വന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ കേസ്.

രാഹുലിനെതിരെ നിയമ നടപടി ഉറപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ചടുല നീക്കം. പെണ്‍കുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചാണ് രാഹുലിനെതിരെ കേസെടുത്തത്. മാധ്യമ വാർത്തകളുടെയടക്കം അടിസ്ഥാനത്തില്‍ സ്വമേധയാ ക്രൈംബ്രാഞ്ച് കേസെടുക്കുകയായിരുന്നു.

നേരത്തെ എംഎല്‍എക്കെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ ഉയർന്നിരുന്നെങ്കിലും നേരിട്ടുള്ള പരാതികള്‍ ലഭിച്ചിരുന്നില്ല. എന്നാല്‍, സോഷ്യല്‍ മീഡിയയിലൂടെയും ചാറ്റുകളിലൂടെയും നിരവധി യുവതികളെ ഉപദ്രവിച്ചുവെന്ന വിവരങ്ങള്‍ പൊലീസിന് ലഭിച്ചതോടെയാണ് കേസെടുക്കാൻ തീരുമാനിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള വിവിധ സ്ത്രീകളാണ് ഇത്തരം പരാതികള്‍ മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ചാറ്റ് വഴിയുള്ള രാഹുലിന്‍റെ ശല്യപ്പെടുത്തലുകളെക്കുറിച്ചുള്ള പരാതികള്‍ എത്തിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം നിയമോപദേശം തേടിയ ശേഷമാണ് കേസെടുക്കാൻ തീരുമാനിച്ചതെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുന്നതിനിടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.