80,000 രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറി കുരങ്ങന്‍: താഴേക്കെറിഞ്ഞ പണവുമായി കടന്നുകളഞ്ഞ് ആളുകള്‍; വീഡിയോ

ലഖ്‌നൗ: കുരങ്ങുകള്‍ ചിലപ്പോഴെങ്കിലും മനുഷ്യരെ വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. ഇത്തരത്തില്‍ ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ അധ്യാപകന് പണി കൊടുത്ത ഒരു കുരങ്ങന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ഉത്തര്‍ പ്രദേശിലെ ഔറയ്യ ജില്ലയിലെ ബിദുനയില്‍ ബൈക്കില്‍ വെച്ചിരിക്കുകയായിരുന്ന 80,000 രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് മരത്തില്‍ കയറുകയായിരുന്നു. ഇതിനുശേഷം കുരങ്ങന്‍ ബാഗ് തുറന്ന് നോട്ടുകള്‍ ഓരോന്നായി താഴെ നിന്ന ആളുകള്‍ക്ക് നേരെ എറിയാന്‍ തുടങ്ങി. താഴെ നിന്ന ആളുകള്‍ പണം എടുക്കാന്‍ അലമുറ കൂട്ടുന്നതും വീഡിയോയില്‍ കാണാം.

മരത്തില്‍ ഇരുന്ന കുരങ്ങന്‍ 500 രൂപ നോട്ടുകള്‍ എറിയുന്നതും താഴെ ഉണ്ടായിരുന്ന ആളുകള്‍ അത് പിടിക്കാന്‍ ഓടുന്നതിന്റെയും വീഡിയോയുടെ കമന്റ് ബോക്‌സില്‍ നിരവധി പേരാണ് സ്ഥലത്തുണ്ടായിരുന്ന മനുഷ്യരെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് ബിദുനയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ദോദാപൂര്‍ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ ഒരു അധ്യാപകന്‍ തന്റെ അഭിഭാഷകനെ കാണാന്‍ വന്നപ്പോഴായിരുന്നു സംഭവം.

ചില രജിസ്‌ട്രേഷന്‍ ജോലികള്‍ തീര്‍ക്കാന്‍ വന്നതായിരുന്നു അധ്യാപകന്‍. ഈ സമയം 80,000 രൂപ അടങ്ങിയ ബാഗ് അദ്ദേഹം തന്റെ ബൈക്കില്‍ വെച്ചിരിക്കുകയായിരുന്നു.

ബാഗ് തുറന്ന് ഭക്ഷണസാധനങ്ങള്‍ കിട്ടുമോ എന്ന് നോക്കിയ കുരങ്ങന്‍ നിരാശനായി. പിന്നീടാണ് കുരങ്ങന്‍ ബാഗ് തുറന്ന് ആളുകള്‍ക്ക് നേരം പണം എറിയാന്‍ തുടങ്ങിയത്. ആളുകളാകട്ടെ അധ്യാപകനെ സഹായിക്കുന്നതിന് പകരം കിട്ടിയ പണവുമായി കടന്നുകളഞ്ഞു.

52,000 രൂപ അധ്യാപകന് ലഭിച്ചെങ്കിലും ബാക്കി 28,000 രൂപ ആളുകള്‍ കൊണ്ടുപോയി. കുരങ്ങുകള്‍ കാരണം പ്രദേശത്ത് വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ ആളുകളുടെ ബാഗുകളും പ്രധാനപ്പെട്ട രേഖകള്‍ അടങ്ങിയ കവറുകളും മറ്റും കുരങ്ങുകള്‍ തട്ടിയെടുക്കുന്നത് പതിവാണ്.