കെഎൻആര്‍ കണ്‍സ്‌ട്രക്ഷൻസിന് വിലക്ക്; മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തില്‍ നടപടിയെടുത്ത് കേന്ദ്രം

ന്യൂഡല്‍ഹി: മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടി സ്വീകരിച്ച്‌ കേന്ദ്രം. കരാറുകാരായ കെഎൻആർ കണ്‍സ്‌ട്രക്ഷൻസിനെ കേന്ദ്രം ഡീബാർ ചെയ്തു.

ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവർത്തിച്ച ഹെെവേ എൻജിനീയറിംഗ് കണ്‍സള്‍ട്ടന്റ് (എച്ച്‌ ഇ സി) എന്ന കമ്ബനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്‌ട് മാനേജർ എം അമർനാഥ് റെഡ്ഡിയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

കൂടാതെ ദേശീയപാത നിർമാണത്തിന്റെ ടീം ലീഡറായ രാജ്‌കുമാർ എന്ന ഉദ്യോഗസ്ഥനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെതാണ് നടപടി. കരാറുകാരായ കെഎൻആർ കണ്‍സ്‌ട്രക്ഷൻസിന് ഇനി ദേശീയപാതയുടെ ടെൻഡറുകളില്‍ പങ്കെടുക്കാൻ അനുവദിക്കില്ല. ഈ മാസം 19നാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്.

ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. രണ്ടംഗ സംഘം സ്ഥലത്തെത്തിയാണ് പരിശോധന നടത്തിയത്. മലയാളിയായ ഡോ ജിമ്മി തോമസ്, ഡോ അനില്‍ ദീക്ഷിത് എന്നിവരാണ് കൂരിയാട് പരിശോധന നടത്തിയത്. ഈ സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ചാണ് ഇപ്പോള്‍ കേന്ദ്രം നടപടി എടുത്തിരിക്കുന്നത്.

കൂരിയാട് നിർമ്മാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞതില്‍ ഹൈക്കോടതി നാഷണല്‍ ഹൈവേ അതോറിറ്റിയുടെ റിപ്പോർട്ട് തേടിയിരുന്നു. റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച ഹർജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നടപടി. വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കും.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും