ന്യൂഡല്‍ഹി: ഇന്ത്യക്കാരുടെ രക്തംകൊണ്ട് കളിച്ചാല്‍ പാകിസ്താന്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സിന്ദൂരം വെടിമരുന്ന് ആകുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും ഇതിനോടകം കണ്ടുവെന്ന് പറഞ്ഞ പ്രധാനമന്ത്രി പാകിസ്താനെ മുട്ടുകുത്തിച്ചതിന് ഇന്ത്യന്‍ സായുധസേനയെ പ്രശംസിക്കുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ആദ്യ പൊതുസമ്മേളനത്തില്‍ രാജസ്ഥാനിലെ ബിക്കാനേറില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോദിയുടെ സിരകളിലൂടെ ഒഴുകുന്നത് രക്തം മാത്രമല്ല, ചൂടുള്ള സിന്ദൂരവും കൂടിയാണ്. ഓരോ ഭീകരാക്രമണത്തിനും പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരും’ പ്രധാനമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞു.
ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രതികാരത്തിന്റെ കളിയല്ലെന്നും ‘നീതിയുടെ പുതിയ രൂപമാണെന്നും’ അദ്ദേഹം പറഞ്ഞു, പാകിസ്താനുമായി വ്യാപാരമോ ചര്‍ച്ചയോ ഉണ്ടാകില്ല, പാക് അധിനിവേശ കാശ്മീരിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആണവ ഭീഷണികളില്‍ ഇന്ത്യ ഭയപ്പെടാന്‍ പോകുന്നില്ലെന്നും രാജ്യത്ത് ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അതിന് തക്കതായ മറുപടി നല്‍കുമെന്നും പാകിസ്താനുള്ള സന്ദേശമായി മോദി പറഞ്ഞു.
‘ഇന്ത്യയില്‍ ഒരു ഭീകരാക്രമണം ഉണ്ടായാല്‍ അതിന് തക്കതായ മറുപടി ലഭിക്കും. സമയവും രീതികളും നമ്മുടെ സൈന്യം തീരുമാനിക്കും, സാഹചര്യങ്ങളും നമ്മുടേതായിരിക്കും. അണുബോംബ് ഭീഷണിയില്‍ ഇന്ത്യ ഭയപ്പെടാന്‍ പോകുന്നില്ല. ഭീകര പ്രവര്‍ത്തകരെയും ഭീകരരെ സംരക്ഷിക്കുന്ന സര്‍ക്കാരിനെയും വേര്‍തിരിച്ച് കാണില്ല. അവരെ ഒന്നായി കണക്കാക്കും. ഓപ്പറേഷന്‍ സിന്ദൂറിലെ മൂന്ന് സൂത്രങ്ങളാണ് ഇവ’ പ്രധാനമന്ത്രി പറഞ്ഞു.




