‘ഇത്രയുംനാള്‍ അരി ലഭിച്ചത് സൗജന്യമായി, അതുകൊണ്ട് വിലയും അറിയില്ല’; വിവാദ പരാമര്‍ശത്തിന് പിന്നാലെ ജപ്പാനിലെ കൃഷിമന്ത്രിയുടെ പണിയും തെറിച്ചു !

ടോക്കിയോ: വിവാദ പരാമർശത്തെത്തുടർന്ന് ജപ്പാനിലെ കൃഷി മന്ത്രി ടാക്കു എറ്റോ രാജി വച്ചു. തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ലെന്നും അത് സൗജന്യമായി ലഭിക്കുന്നുണ്ടെന്നും പറഞ്ഞതാണ് വിവാദത്തിനു വഴിവച്ചത്.

രാജ്യത്ത് അരിവില വർധിച്ചതു മൂലമുള്ള പ്രതിസന്ധി നിലനില്‍ക്കേയായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് വൻതോതിലുള്ള ജനരോഷത്തിലേക്കു നയിച്ചു. ഞായറാഴ്ച നടന്ന ലിബറല്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ സെമിനാറില്‍ വച്ചായിരുന്നു സംഭവം.

ജൂലൈയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുൻപ് പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കു തലവേദനയായിരിക്കുകയാണു സംഭവം. രാജി സമർപ്പിച്ചതിനു ശേഷം, ടാക്കു എറ്റോ മാധ്യമങ്ങള്‍ക്കു മുന്പില്‍ ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.

2023ലെ കനത്ത ചൂടു മൂലം വിളവെടുപ്പ് മോശമായതും വളത്തിന്‍റെ വിലവർധനവും മൊത്തത്തിലുള്ള ഉത്പാദനച്ചെലവുമെല്ലാം അരിയുടെ ദൗർലഭ്യത്തിനു കാരണമായെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ക്ഷാമമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ വ്യാപാരികള്‍ അരി പൂഴ്ത്തിവയ്ക്കുന്നതായും പറയപ്പെടുന്നു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും