പരിശുദ്ധാത്മാവിൻ്റെ അനുഭവത്തിനായി ജനം ദൈവത്തോട് ചോദിക്ക; റവ. റ്റി. ജെ. സാമുവൽ

അടൂർ – പറന്തൽ: പരിശുദ്ധാത്മാവിൻ്റെ അനുഭവത്തിനായി ജനം ദൈവത്തോട് ചോദിക്ക. അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷനോടനുബന്ധിച്ചു നടന്ന പൊതു സഭായോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സഭാ സൂപ്രണ്ട് റവ. റ്റി. ജെ. സാമുവൽ.

ദൈവാത്മാവിൻ്റെ പ്രവർത്തിക്കും ആത്മീയ നേട്ടത്തിനും ദൈവത്തോട് നാം അപേക്ഷിക്കണം. അത് തീവ്രമായി നമ്മുടെ സമൂഹം ചെയ്യുവാൻ മുന്നോട്ട് വരണം. ഭൗതികമായ നേട്ടത്തിന് മാത്രമല്ല നമ്മുടെ സമൂഹം മുൻതൂക്കം കൊടുക്കേണ്ടത് മറിച്ച് ആത്മീയ നേട്ടം ആയിരിക്കണം നമ്മുടെ ലക്ഷ്യം. ദേശം വിടുവിക്കപ്പെടണം എങ്കിൽ ആത്മഭാരത്തോടെ പെന്തക്കോസ്ത് സമൂഹം ഉണർന്ന് എഴുനേൽക്കണം. അപ്പോൾ സഭകൾ ഉടലെടുക്കും ആത്മാക്കൾ വിടുവിക്കപ്പെടും.

ജനത്തിൻ്റെ ഉദ്ധാരണത്തിനായി പ്രാർത്ഥിക്കുവാൻ നാം തുടങ്ങിയാൽ പ്രതികൂലങ്ങളെ അനുകൂലമാക്കി പ്രവർത്തിക്കാൻ ദൈവം ദൂതന്മാരെ അയക്കും. അതിനായി സഭ മടങ്ങി വരട്ടെ, കൂകി നിലവിളിക്കട്ടെ, ഐക്യമത്യത്തോടെ, സ്നേഹത്തോടെ പ്രാർത്ഥിക്കാം. വീണ്ടും ഉണർവ്വ് ദേശത്ത് പ്രവഹിക്കും. അതിനായി വിശുദ്ധിയും ആത്മാവേശവും ഉൾക്കൊണ്ട് പ്രാർത്ഥനയോടെ പ്രവർത്തിക്കുകയും ചെയ്യുക എന്നും അദ്ദേഹം പൊതു സഭായോഗ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

അസിസ്റ്റൻ്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക് വി മാത്യു അധ്യക്ഷതവഹിച്ചു. സെക്രട്ടറി റവ. തോമസ് ഫിലിപ്പ് സങ്കീർത്തനം വായന നയിച്ചു. തിരുവത്താഴ ശുശ്രൂഷക്ക് ഓർഡിയൻ്റ് പാസ്റ്റെഴ്‌സ്മാർ നേതൃത്വം കൊടുത്തു. എ. ജി. ക്വയർ ആരാധനയ്ക്ക് നേതൃത്വം വഹിച്ചു.

തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള  എട്ട് റവന്യൂ ജില്ലകൾ ഉൾപ്പെടുന്നതാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. ഈ ജില്ലകളിൽ നിന്നുമായും, സെക്ഷനിലെയും, വിദേശരാജ്യങ്ങളിൽ നിന്നും വടക്കെ ഇന്ത്യയിൽ നിന്നുമുള്ള മിഷനറിമാരും വിശ്വസികളുമായി
ആയിരക്കണക്കിന് ജനങ്ങൾ സംബന്ധിച്ചു.

ആയിരത്തിലധികം സഭകളാണ് മലയാളം ഡിസ്ട്രിക്ടിലുള്ളത്. മലയാളം ഡിസ്ട്രിക്ടിനെ മൂന്നു മേഖലകളായും അമ്പത്തിയാറ് സെക്ഷനുകളായും തിരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡിലെ എട്ട് ഡിസ്ട്രിക്റ്റ് കൗൺസിലുകളിൽ ഒന്നാണ് അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കൗൺസിൽ.(മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് ദി സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്)

വാർത്ത ഷാജി ആലുവിള

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു