ബ്രിഡ്ജ്ടൗൺ: കുട്ടി ക്രിക്കറ്റിലെ കന്നിജേതാക്കളായ ഇന്ത്യക്ക് വർഷങ്ങളുടെ കിരീട വരൾച്ചക്കുശേഷം ഒരു കിരീട നേട്ടത്തിലെത്താൻ ഇത് സുവർണാവസരം. ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ കിരീട പോരാട്ടം. കഴിഞ്ഞ ദിവസം മഴകാരണം വൈകിയ സെമിഫൈനലിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ 68
റൺസിന് തകർത്താണ് ഇന്ത്യയുടെ വരവ്.
കഴിഞ്ഞ ട്വൻ്റി 20 ലോകകപ്പിൽ ഇംഗ്ലണ്ടിനോട് ഏറ്റ പരാജയത്തിനുള്ള മറുപടിയായിരുന്നു ഇത്തവണത്തെ സെമിഫൈനൽ മത്സരം.
ഇന്ത്യൻ ബൗളർമാർ ഇംഗ്ലണ്ട് നിരയിലെ ഓരോ ബാറ്റ്സ്മാന്മാരേയും കൂടാരം കയറ്റുമ്പോൾ, കഴിഞ്ഞ തവണ തോറ്റ് നിറമിഴിയുമായിന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ മുഖമാണ് ഓരോ ക്രക്കറ്റ് പ്രേമിയുടേയും മനസിലേക്ക് ഓടിയെത്തിയത്.
കറുത്ത കുതിരകളായ അഫ്ഗാനിസ്താനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. 2007ലെ ആദ്യ കിരീടത്തിനുശേഷം ഇന്ത്യക്ക് ഈ ലോകകപ്പ് അന്യമാണ്. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിലെത്തിയിട്ടും ആസ്ട്രേലിയയോട് തോൽക്കാനായിരുന്നു വിധി. ക്യാപ്റ്റൻ രോഹിത് ശർമയും മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും യുവതാരങ്ങൾക്കായി ട്വന്റി20യിൽ നിന്ന് ഇനി മാറിനിൽക്കാനാണ് സാധ്യത. അതിനാൽ, ഇന്ന് കിരീടം നേടിയാൽ ഈ മുതിർന്ന താരങ്ങൾക്കുള്ള ആദരവ് കൂടിയാകും.
രോഹിത് മികച്ച ഫോമിലാണെങ്കിലും കോഹ്ലിയുടെ മോശം ഫോം ടീമിനെ കുഴയ്ക്കുന്നുണ്ട്. ഏഴ് കളികളിൽനിന്ന് 75 റൺസാണ് കോഹ്ലി ടൂർണമെന്റിൽ സ്കോർ ചെയ്തത്. 10.71 മാത്രമാണ് റൺസ് ശരാശരി.
ഐ.പി.എല്ലിലെ തകർപ്പൻ ഫോമിന് പിന്നാലെ ഏറെ പ്രതീക്ഷയായിരുന്നു കോഹ്ലിയിൽ ടീമിനുണ്ടായിരുന്നത്. ബൗളർമാരിൽ ആധിപത്യം പുലർത്താനും കോഹ്ലിക്ക് കഴിയുന്നില്ല. വിരാടിന്റെ കഴിവുകൾ ഫൈനലിലേക്ക് സംഭരിച്ചുവെച്ചതാണെന്നാണ് രോഹിത് പറയുന്നത്. കോഹ്ലിയെ മധ്യനിരയിലേക്ക് മാറ്റി യശ്വസി ജയ്സ്വാളിനെ ഓപ്പണറാക്കണമെന്ന ആവശ്യം ചിലർ ഉന്നയിച്ചിരുന്നു. കോഹ്ലിയെ ബാറ്റിങ് ഓർഡിൽ താഴേക്ക് മാറ്റി ശിവം ദുബെയെ ഒഴിവാക്കണമെന്നും ആവശ്യമുയർന്നിരുന്നു.




