ഇരുന്നുള്ള ജോലി ആണോ? രോഗങ്ങളെ മറികടക്കാൻ കാപ്പികുടി ശീലമാക്കിക്കോളൂ എന്ന് ​ഗവേഷകർ

പ്രഭാതത്തിൽ ഒരു കോഫി, അത് മലയാളികളുടെ ഒഴിച്ച് കൂടാനാവത്ത സംഗതിയാണ്.ഒരു ദിവസത്തെ ആരംഭം തന്നെ ഈ കോഫി കുടിയിലൂടെയാണ്.

കോഫി കുടിക്കുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലെന്നും, എന്നാൽ ചില ഗുണങ്ങൾ ഉണ്ടെന്നുമാണ് ഗവേഷകരുടെ കണ്ടെത്തലുകൾ.

ജോലിയുടെ ഭാ​ഗമായും മറ്റും മണിക്കൂറുകളോളം ചടഞ്ഞിരിക്കേണ്ടി വരുന്നവരുണ്ട്. ദീർഘസമയം ഇരിക്കുന്നത് പുകവലിക്ക് സമാനമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇരിപ്പിന്റെ ദൈർഘ്യം കൂടുന്നതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പിയെ കൂട്ടുപിടിച്ചാൽ മതിയെന്നാണ് പുതിയൊരു പഠനം പറയുന്നത്.

ചൈനയിലെ സൂചൗ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള ​10,000 പേരെ ഉൾപ്പെടുത്തി നടത്തിയ ​ഗവേഷണത്തിനൊടുവിലാണ് വിലയിരുത്തലിൽ എത്തിയത്. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരുദിവസം ആറോ, അതിലധികമോ മണിക്കൂറുകൾ ഇരിക്കുന്നവരാണെങ്കിൽ കാപ്പികുടിക്കുന്ന ശീലം​ ​ഗുണംചെയ്യുമെന്നാണ് പഠനത്തിലുള്ളത്.

മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്ന, കാപ്പി കുടിക്കുന്ന ശീലമുള്ളവർ മണിക്കൂറുകളോളം ഇരിക്കുന്ന കാപ്പികുടിശീലം ഇല്ലാത്തവരെ അപേക്ഷിച്ച് വിവിധ രോ​ഗങ്ങളാൽ മരണപ്പെടാനുള്ള സാധ്യത 24 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ദീർഘസമയം ഇരിക്കുന്നുതുമൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കോഫി പ്രതിരോധിക്കുന്നതിനെക്കുറിച്ചാണ് പഠനത്തിൽ കണ്ടെത്തിയത്.

കോഫി കുടിക്കുന്നതിലൂടെ ദീർഘസമയം ഇരിക്കുന്നതുമൂലമുള്ള ഹൃദ്രോ​ഗസാധ്യതകളെ ഇല്ലാതാക്കാം എന്നാണ് ​ഗവേഷകർ പറയുന്നത്. ദിവസവും നാലുമണിക്കൂറിൽ കുറവ് ഇരിക്കുന്നവരെ അപേക്ഷിച്ച് എട്ടുമണിക്കൂറിലധികം ഇരിക്കുന്നവരിൽ ഹൃദ്രോ​ഗം ഉൾപ്പെടെയുള്ള കാരണങ്ങളാൽ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ വ്യക്തമാക്കി.

ദിവസവും രണ്ടോ അതിലധികമോ കാപ്പി കുടിക്കുന്നത് ഇത്തരം മരണങ്ങളിൽ നിന്നും സംരക്ഷിക്കും. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ടൈപ് 2 ഡയബറ്റിസ്,
ഹൃദ്രോ​ഗങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്നാണ് ​ഗവേഷകർ പറയുന്നത്.

ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോ​ഗങ്ങൾ, പക്ഷാഘാതം തുടങ്ങിയവയെ പ്രതിരോധിക്കാൻ കാപ്പികുടിക്കുന്ന ശീലം സഹായിക്കുമെന്ന് നേരത്തേ പല പഠനങ്ങളും വ്യക്തമാക്കിയിരുന്നു. കഫീൻ നീക്കം ചെയ്ത കാപ്പിയാണെങ്കിൽപ്പോലും ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമാണെന്നും ശാരീരിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ശരീരത്തിലെ വീക്കം കുറയ്ക്കുകയും ചെയ്യുമെന്നും കണ്ടെത്തിയിട്ടുണ്ട്. കാപ്പിയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങൾ പാർക്കിൻസൺസ് പോലുള്ള രോ​ഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുമെന്നും പലപഠനങ്ങളിലും പറയുന്നുണ്ട്.

ഇരുന്ന് ജോലി ചെയ്യുന്നവർ ശ്രദ്ധിക്കാൻ.

ദീർഘനേരം ഒരേപോലെ ഇരുന്ന് ജോലിചെയ്യേണ്ടിവരുന്നവർ ഒരു മണിക്കൂറിൽ 10 മിനിറ്റ് എഴുന്നേറ്റ് നടക്കുകയോ നിൽക്കുകയോ ചെയ്യണം.

തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും.

കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. 4കൂടാതെ, ജോലിസ്ഥലത്തുവെച്ചുതന്നെ ചെയ്യാവുന്ന ചില ലഘുവ്യായാമങ്ങൾ ശീലിക്കുകയുമാവാം.

കസേരയിൽ ഇരുന്ന് ശരീരം മുന്നോട്ട് കുനിഞ്ഞ് തറയിൽ തൊടാൻ ശ്രമിക്കുക. കുനിയുമ്പോൾ ശ്വാസം പുറത്തേക്കും നിവരുമ്പോൾ ശ്വാസം അകത്തേക്കും എടുക്കണം.

പാദങ്ങൾ മുകളിലേക്കും താഴേക്കും പിന്നീട് ഇരുവശങ്ങളിലേക്കും ചലിപ്പിക്കുക. കഴുത്ത് മുന്നോട്ടും പുറകോട്ടും ചലിപ്പിക്കുക. ഇരുവശങ്ങളിലേക്കും തിരിക്കുക. ചെവി തോളിൽ തൊടാൻ ശ്രമിക്കുന്നതുപോലെ ചരിക്കുക.

കംപ്യൂട്ടറിന് മുന്നിൽ ഇരിക്കുമ്പോൾ നട്ടെല്ലും തലയും നിവർത്തി ഇടുപ്പ്, കാൽമുട്ടുകൾ എന്നിവ 90 ഡിഗ്രി മടക്കി പാദം തറയിൽ അമർത്തി ഇരിക്കുക. കംപ്യൂട്ടർ സ്‌ക്രീനിന്റെ മുകൾഭാഗം കണ്ണിനുനേരെ വരുന്ന രീതിയിൽ ക്രമീകരിക്കുക