ജയ്പുർ: രാജസ്ഥാനിലെ കൊട്പുട്ലി ബെഹ്റോർ ജില്ലയിലെ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. 20 മണിക്കൂറായി കുട്ടി കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്) സംഘങ്ങൾ സ്ഥലത്തുണ്ട്.
തിങ്കളാഴ്ചയാണ് മൂന്നുവയസ്സുകാരി ചേതന കുഴൽക്കിണറിൽ വീണത്. പിതാവിന്റെ ഫാമിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ വീണുപോകുകയായിരുന്നു. 150 അടിയോളം താഴ്ചയിലാണ് കുട്ടി നിലവിലുള്ളത്. അവളുടെ ചലനങ്ങൾ രക്ഷാപ്രവർത്തകർ ക്യാമറയിലൂടെ നിരീക്ഷിക്കുന്നുണ്ട്. പൈപ്പ് വഴിയാണ് കുട്ടിക്ക് ഓക്സിജൻ വിതരണം ചെയ്യുന്നത്.
സമീപത്ത് കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ചുറ്റുമുള്ള മണ്ണിൽ ഈർപ്പമുള്ളത് പ്രതിസന്ധിയായി. കയറും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ.
ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാനിലെ ദൗസയിൽ 150 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ് അഞ്ചുവയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. സമീപത്തെ ഫാമിൽ കളിച്ചുകൊണ്ടിരിക്കെയായിരുന്നു അഞ്ചുവയസ്സുകാരൻ ആര്യൻ കിണറിൽ വീണത്. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



