സുപ്രീംകോടതി വിധി നടപ്പാക്കി; കനത്ത സുരക്ഷയിൽ തിരുപ്പരന്‍ കുണ്‍ട്രം മലമുകളിലെ ദീപത്തൂണില്‍ ദീപം തെളിച്ചു

ചെന്നൈ: സുപ്രീംകോടതി നിര്‍ദേശപ്രകാരം മധുര തിരുപ്പരന്‍ കുണ്‍ട്രം ദീപത്തൂണില്‍ ആചാരദീപം തെളിയിച്ചു. സിആര്‍പിഎഫിന്റെ കനത്ത സുരക്ഷയില്‍ സുപ്രീം കോടതി നിയോഗിച്ച റിസീവര്‍മാരുടെ മേല്‍നോട്ടത്തില്‍ പുരോഹിതന്മാരാണ് ദീപം തെളിയിച്ചത്. ദീപത്തൂണിന്റെ ഭാഗത്തേക്ക് പോകുന്ന റോഡ് പൊലീസ് അടച്ചിരിക്കുകയാണ്. ഒരു മണിക്കൂര്‍ ദീപം തെളിച്ചുനിര്‍ത്തും.

ദീപത്തൂണിനു സമീപം 50 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. പെരിയ രഥ വീഥിക്ക് സമീപം ദര്‍ഗയിലേക്ക് തിരിയുന്നിടത്താണ് ഭക്തരെ പൊലീസ് തടഞ്ഞത്. അവിടെ നിലത്തിരുന്ന് ദീപം കാണാനാണ് ഭക്തര്‍ ശ്രമിക്കുന്നത്. നിലവില്‍ സ്ഥിതി ശാന്തമാണ്. ക്ഷേത്ര ബോര്‍ഡ് ട്രസ്റ്റിനെ കോടതി ഇന്നലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

24ന് ഒരുതവണത്തേക്കു ദീപം തെളിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഉച്ചിപ്പിള്ളയാര്‍ മണ്ഡപത്തില്‍ തെളിച്ച ദീപത്തില്‍നിന്നോ (ഇപ്പോഴും കത്തുന്നുണ്ടെങ്കില്‍) ഇല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ ദീപം തെളിക്കാനാണു ജഡ്ജിമാരായ അരവിന്ദ് കുമാര്‍, വിപുല്‍ പഞ്ചോളി എന്നിവരുടെ ബെഞ്ചിന്റെ നിര്‍ദേശം. ക്ഷേത്ര ഭരണസമിതിയെ താല്‍ക്കാലികമായി ചുമതലയില്‍നിന്ന് മാറ്റിയാണ് റിസീവര്‍മാരെ നിയമിച്ചത്. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചുള്ള ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സുപ്രധാന നിര്‍ദേശം.

കുന്നിന്‍ മുകളിലെ ദര്‍ഗയുടെ 50 മീറ്റര്‍ അകലെ ദീപത്തൂണില്‍ വിളക്കുകൊളുത്താന്‍ അവകാശം തേടി ഹിന്ദുസംഘടനകള്‍ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയോടെയാണു വിഷയം ആരംഭിച്ചത്. ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ആചാരം നടത്തിയിരുന്നതെന്നുമായിരുന്നു ക്ഷേത്രഭരണസമിതിയുടെ വാദം. ഇതു ദര്‍ഗയെ ബാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ദീപം കൊളുത്താന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ദീപത്തൂണ്‍ ബ്രിട്ടിഷ് ഭരണകാലത്തു സ്ഥാപിച്ച സര്‍വേ കല്ല് മാത്രമാണെന്ന സര്‍ക്കാര്‍ വാദവും തള്ളിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതിയലക്ഷ്യത്തിനു നടപടിയെടുക്കാതിരിക്കാന്‍ ചീഫ് സെക്രട്ടറി, ഡിജിപി, മധുര കലക്ടര്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസര്‍, ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ക്കും സുപ്രീംകോടതി നോട്ടിസയച്ചിട്ടുണ്ട്. കോടതി ഉത്തരവ് ആര്‍ക്കും ദുര്‍ബലപ്പെടുത്താനാവില്ലെന്നും ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കാനുള്ള നീക്കം തടയുമെന്നും താക്കീതും നല്‍കി.