ഔദ്യോഗിക രേഖകളിൽ സ്ത്രീകളുടെ പേര് ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാൻ…!

കാബൂൾ: അഫ്ഗാനിസ്ഥാനിലെ വടക്കൻ പ്രവിശ്യയായ ബാൽഖിൽ മെഡിക്കൽ രേഖകളും കുറിപ്പടികളും ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ സ്ത്രീകളുടെ പേര് ഉപയോഗിക്കുന്നത് താലിബാൻ ഭരണകൂടം നിരോധിച്ചതായി റിപ്പോർട്ട്.

ആശുപത്രികളിലെ വനിതാ രോഗികളെ പേര് വിളിക്കുന്നതിന് പകരം മുത്തശി എന്നർഥം വരുന്ന ‘ബീബി’ എന്ന് അഭിസംബോധന ചെയ്യാൻ ആരോഗ്യപ്രവർത്തകർക്ക് നിർദ്ദേശം നൽകിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബാൽഖ് പ്രവിശ്യയിലെ ആശുപത്രി ജീവനക്കാരോടും മറ്റ് സർക്കാർ ഉദ്യോഗസ്ഥരോടും സ്ത്രീകളുടെ പേരുകൾ ഉപയോഗിക്കരുതെന്നാണ് താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ചിലയിടങ്ങളിൽ സ്ത്രീകളെ ആട്, പശു തുടങ്ങിയ അങ്ങേയറ്റം അപമാനകരമായ വാക്കുകൾ ഉപയോഗിച്ചാണ് അഭിസംബോധന ചെയ്യുന്നതെന്നും, ഇത് സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത ആസൂത്രിതമായ നീക്കമാണെന്നും ജർമനി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഫ്ഗാൻ വനിതാ അവകാശ പ്രവർത്തക ലാല ഉസ്മാനി പ്രതികരിച്ചു.