ന്യൂഡൽഹി: 20 മാസത്തിനിടെ യുഎസിൽ അറസ്റ്റിലായത് 6,000-ത്തിലധികം ഇന്ത്യക്കാരെന്ന് കണക്കുകൽ ഏകദേശം 5,000 പേർ ഡീപോർട്ടേഷൻ കേന്ദ്രങ്ങളിൽ നാടുകടത്തൽ കാത്ത് കഴിയുകയാണ്. 20 മാസത്തിനിടെ 2,349 ഇന്ത്യക്കാരെ നാടുകടത്തി. ‘അമേരിക്കൻ കമ്മ്യൂണിറ്റി മീഡിയ’ ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2025 ജനുവരിക്കും 2026 ഓഗസ്റ്റിനും ഇടയിലുള്ള 20 മാസത്തിനുള്ളിൽ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് ആകെ 6,111 ഇന്ത്യക്കാരെയാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ അറസ്റ്റിലാകുന്ന ഇന്ത്യക്കാരുടെ കാര്യത്തിൽ ഇതൊരു റെക്കോർഡ് കണക്കാണ്.
നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി ഐസിഇ കുടിയേറ്റ വിരുദ്ധ റെയ്ഡുകൾ ശക്തമാക്കിയതായി ‘ സ്റ്റോപ്പ് എഎപിഐ ഹേറ്റ് ‘ എന്ന സംഘടന വ്യക്തമാക്കി. ഏഷ്യ-പസഫിക് വിഭാഗത്തിൽ ഏറ്റവും കൂടുതൽ അറസ്റ്റുകളും തടങ്കലുകളും നാടുകടത്തലുകളും രേഖപ്പെടുത്തിയത് ഇന്ത്യക്കാർക്കെതിരെയാണെന്ന് സംഘടന അവകാശപ്പെടുന്നു. തെക്കൻ സംസ്ഥാനങ്ങളിൽ ഹിസ്പാനിക്, കറുത്ത വർഗ്ഗക്കാർക്കെതിരെയും ഐസിഇ നടപടിയെടുത്തിട്ടുണ്ട്.
ഗ്രീൻ കാർഡ് ഉണ്ടായിട്ടും ഇന്ത്യൻ വംശജയെ ഒരാഴ്ച കസ്റ്റഡിയിൽ വെച്ച സംഭവവും കഴിഞ്ഞ 20 മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കാലിഫോർണിയയിൽ റസ്റ്റോറന്റ് നടത്തുന്ന 60 വയസ്സുകാരിയെയാണ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കിയത്. 1994 മുതൽ അമേരിക്കയിൽ താമസിക്കുന്ന ഇവരുടെ ഗ്രീൻ കാർഡ് ഉള്ള അപേക്ഷ അംഗീകരിക്കപ്പെട്ടതായിരുന്നു. ഗ്രീൻ കാർഡ് നടപടികളുടെ ഭാഗമായുള്ള ബയോമെട്രിക്സ് പരിശോധനയ്ക്കായി ഇമിഗ്രേഷൻ ഓഫീസിലേക്ക് വിളിച്ചുവരുത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഇന്ത്യക്കാരിയായതുകൊണ്ടാണ് ഉപദ്രവിച്ചതെന്ന് ഇവരുടെ കുടുംബം ആരോപിക്കുന്നു. ഒരാഴ്ചയ്ക്ക് ശേഷമാണ് മോചിപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടി ഭരിക്കുന്ന കാലിഫോർണിയയിൽ മാത്രം 850-ലധികം ഇന്ത്യക്കാരെയാണ് ഐസിഇ അറസ്റ്റ് ചെയ്തത്.
2025-ൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് ഐസിഇയുടെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു. അനധികൃത കുടിയേറ്റക്കാരുടെ അറസ്റ്റും നാടുകടത്തലും വർദ്ധിച്ചതായി ഒരു ഐസിഇ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഈ വർഷം അവസാനത്തോടെ നാടുകടത്തപ്പെടുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം റെക്കോർഡ് നിരക്കിലെത്തും.
2025ൽ നാടുകടത്തപ്പെട്ട 3,000-ത്തിലധികം ഇന്ത്യക്കാരും അനധികൃതമായാണ് അമേരിക്കയിൽ പ്രവേശിച്ചത്. ജൂൺ മാസത്തിൽ മാത്രം 801 ഇന്ത്യക്കാർക്ക് ഐസിഇ നാടുകടത്തൽ ഉത്തരവ് നൽകി. 2025-ൽ നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്നതാണ്. ടെക്സസിലെ ഹാർലിംഗിൽ നിന്ന് 20 മണിക്കൂർ ദൈർഘ്യമുള്ള ഒമാൻ എയർ വിമാനങ്ങളിലാണ് ഇന്ത്യക്കാരെ ന്യൂഡൽഹിയിലേക്ക് തിരിച്ചയക്കുന്നത്. കഴിഞ്ഞ വർഷം ഹെർക്കുലീസ് സൈനിക വിമാനങ്ങളിലായിരുന്നു നാടുകടത്തൽ.




