വിവാഹം കഴിക്കൂ; കുട്ടികളെ ജനിപ്പിക്കൂ: ഇസ്ലാം ഒന്നാമതാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ക്രിസ്ത്യാനികളോട് വൈറ്റ് ഹൗസ് മുൻ പ്രസ് സെക്രട്ടറി

2035-ഓടെ മുസ്ലീങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ വിവാഹം കഴിച്ച്‌ കുട്ടികള്‍ക്ക് ജന്മം നല്‍കൂവെന്ന് ക്രിസ്ത്യാനികളോട് മുൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന്റെ ആഹ്വാനം.

കുട്ടികളെ അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പ്യൂ റിസർച്ച്‌ സെന്ററും പോളണ്ടിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഓഫ് പോപ്പുലേഷൻ ആൻഡ് റിലീജിയനും ചേർന്ന് നടത്തിയ പഠനത്തെക്കുറിച്ചുള്ള വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോർട്ട് എക്സില്‍ പങ്കുവച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. ‘വിവാഹം കഴിക്കൂ, കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കൂ, അവരെ പള്ളിയില്‍ വളർത്തൂ, അമേരിക്കയെ സ്നേഹിക്കാൻ പഠിപ്പിക്കൂ’ എന്നായിരുന്നു ലീവിറ്റിന്റെ കുറിപ്പ്.

കണക്കുകള്‍ പ്രകാരം 2035ഓടെ ലോകത്തെ മുസ്‌ലിം ജനസംഖ്യ 257 കോടിയിലെത്തുമെന്നാണ് പ്രവചനം. ഇതോടെ ക്രിസ്ത്യൻ ജനസംഖ്യയെ മുസ്‌ലിം ജനസംഖ്യ മറികടന്നേക്കും. 2020-ല്‍ ലോകത്തെ ക്രിസ്ത്യൻ ജനസംഖ്യ 227 കോടിയും മുസ്‌ലിം ജനസംഖ്യ 202 കോടിയുമായിരുന്നു. ഇരു മതവിഭാഗങ്ങളുടെയും ജനസംഖ്യ വർധിക്കുമെങ്കിലും മുസ്‌ലിം ജനസംഖ്യ താരതമ്യേന വേഗത്തില്‍ ഉയരുമെന്നാണ് പ്രവചനം.

മറ്റ് പ്രധാന മതവിഭാഗങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച്‌ മുസ്‌ലിം സ്ത്രീകള്‍ക്ക് ശരാശരി കൂടുതല്‍ കുട്ടികളുണ്ടാകുന്നതാണ് ഈ വ്യത്യാസത്തിന് പ്രധാന കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്.

ജനസംഖ്യയിലെ ഈ മാറ്റത്തിന് പിന്നില്‍ മതപരിവർത്തനത്തേക്കാള്‍ ജനനനിരക്കും മരണനിരക്കുമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ‘കുഞ്ഞുങ്ങളാണ് പ്രധാന ഘടകം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2025 ജനുവരിയില്‍ ചുമതലയേറ്റ കരോലിൻ ലീവിറ്റ് ഓഗസ്റ്റ് അവസാനത്തോടെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയശേഷം പ്രസവാവധിക്ക് പിന്നാലെ ജോലിയില്‍ തിരിച്ചെത്തിയെങ്കിലും ‍ഉത്തരവാദിത്തങ്ങള്‍ കൂടിയപ്പോള്‍ രാജിവയ്ക്കുകയായിരുന്നു. വൈറ്റ് ഹൗസിലെ ചുമതലകള്‍ ഒഴിഞ്ഞ ലീവിറ്റ് നിലവില്‍ ഫോക്സ് ന്യൂസില്‍ പ്രവർത്തിക്കുകയാണ്.