വാഷിങ്ടൻ ∙ അമേരിക്കയിലുടനീളം നാല് മണിക്കൂറിലധികം വിമാന സർവീസുകൾ സ്തംഭിപ്പിച്ച രാജ്യവ്യാപകമായ വിമാന വിലക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പിൻവലിച്ചു. നിയന്ത്രണം കാരണം ആയിരക്കണക്കിനു വിമാനങ്ങൾ നിലത്തിറക്കേണ്ടി വരികയും ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്ര തടസപ്പെടുകയും ചെയ്തിരുന്നു. റീജിയണൽ എയർ ട്രാഫിക് കൺട്രോൾ സെന്ററുകളിലെ വാർത്താവിനിമയ സംവിധാനത്തിലുണ്ടായ തകരാറുകൾ സൃഷ്ടിച്ച അസാധാരണമായ സാഹചര്യങ്ങളാണ് വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ കാരണമായതെന്ന് അധികൃതർ വ്യക്തമാക്കിയതായി അസോഷ്യേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
അമേരിക്കയിൽ വിമാനങ്ങളുടെ ടേക്ക് ഓഫ് നിർത്തിവച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ). വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലുണ്ടായ തകരാറിനെ തുടർന്നാണ് കഴിഞ്ഞ ദിവസം അടിയന്തര നടപടി സ്വീകരിച്ചത്.
ഷിക്കാഗോ ഒ ഹെയർ വിമാനത്താവളത്തിൽ നിന്നാണ് ആദ്യ വിമാനം പറന്നുയർന്നതെന്ന് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലുടനീളം പതിനായിരത്തിലധികം വിമാനങ്ങൾ വൈകുകയും നാലിയിരത്തോളം സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം
സുരക്ഷാ കാരണങ്ങളാലും അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് എഫ്എഎ അറിയിച്ചു. 2023 ജനുവരിയിൽ എഫ്എഎയുടെ പ്രധാന കംപ്യൂട്ടർ സംവിധാനത്തിലുണ്ടായ തകരാറിന് ശേഷം ഇതാദ്യമായാണ് രാജ്യവ്യാപകമായി വിമാന സർവീസുകൾക്ക് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തുന്നത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് ശേഷം ഇത്തരത്തിൽ വിമാനങ്ങളുടെ ടേക്ക്ഓഫ് നിർത്തിവച്ചിരുന്നു.
22 വ്യോമഗതാഗത നിയന്ത്രണ കേന്ദ്രങ്ങളെയാണ് ഇത് ബാധിച്ചത്. വിമാനങ്ങളുടെ ഗതാഗതം നിയന്ത്രിക്കുന്ന 22 പ്രാദേശിക എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെയാണ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനത്തിലെ തകരാർ ബാധിച്ചത്. തുടർന്ന് രാജ്യവ്യാപകമായി വിമാനങ്ങളുടെ ടേക്ക് ഓഫ് നിർത്തിവയ്ക്കാൻ എഫ്എഎ തീരുമാനിക്കുകയായിരുന്നു.




