ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥിനികൾക്ക് നേരെ യന്ത്രവാള്‍ ആക്രമണം; പ്രതിക്ക് നേരെ പൊലിസ് വെടിവയ്പ്പ്

അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപൂർ ജില്ലയിലുള്ള രാപ്താടു മണ്ഡലത്തിലെ ഗവൺമെന്റ് സ്കൂളിൽ ശനിയാഴ്ച രാവിലെ ക്ലാസ് നടന്നുകൊണ്ടിരിക്കെ, 21-കാരനായ യുവാവ് പവർ സോയുമായി (യന്ത്രവാള്‍) പത്താം ക്ലാസ് മുറിയിൽ അതിക്രമിച്ചു കയറി പെൺകുട്ടികളെ ആക്രമിച്ചു. നടുക്കുന്ന സംഭവത്തിൽ ഒരു പെൺകുട്ടിയുടെ തലയ്ക്കും കഴുത്തിനും പുറത്തിനും ഗുരുതരമായി പരിക്കേറ്റു. തടയാൻ ശ്രമിച്ച സഹപാഠിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിക്ക് പോലീസിന്റെ വെടിയേറ്റു പരിക്കുകളോടെ പിടിയിലായി. 

ഹേമന്ത് എന്ന ഡുമ്മു ആണ് പ്രതി. ആക്രമണത്തിന് ശേഷം ഇയാൾ സ്കൂളിൽ നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ധർമ്മവാരം റെയിൽവേ സ്റ്റേഷനിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തു. ശ്രീ സത്യസായി ജില്ലയിലെ ധർമ്മവാരം മണ്ഡലത്തിലെ നാഗലൂർ സ്വദേശിയാണ് പ്രതിയെന്നും, ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നും റിപ്പോർട്ടുകളുണ്ട്.

ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലിസിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് പൊലിസ് വെടിയുതിർത്തത്.

വനമേഖലയില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലിസ് ഇയാളെ വളയുകയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കത്തിയുമായി പൊലിസിന് നേരെ തിരിയുകയും കല്ലെറിയുകയും ചെയ്തു. നിരവധി പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതോടെയാണ് പൊലിസ് വെടിയുതിർത്തത്. ആറോളം റൗണ്ട് വെടിയുതിർത്തതായും ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലിസ് വ്യക്തമാക്കി.

ഒക്ടോബർ 31-ന് രാവിലെയാണ് റാപ്തഡവിലെ ഹൈസ്കൂളില്‍ ഹേമന്ത് യന്ത്രവാളുമായി ക്ലാസ് മുറിയിലേക്ക് അതിക്രമിച്ചു കയറിയത്. പത്താംക്ലാസ് വിദ്യാർഥികളെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

പ്രതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരു പെണ്‍കുട്ടിയുടെ വലതുകൈപ്പത്തി പൂർണമായും അറ്റുപോയി. കഴുത്തിലും മുഖത്തും ഗുരുതര വെട്ടേറ്റ കുട്ടിയുടെ തലയോട്ടിക്കും വാരിയെല്ലുകള്‍ക്കും ഒടിവുകളുണ്ട്. നില ഗുരുതരമായതിനെ തുടർന്ന് അനന്തപൂർ സർക്കാർ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രശ്രമം തുടരുകയാണ്.