കേരള മുഖ്യമന്ത്രി വി.ഡി സതീശനും കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും എതിരെ അത്യാധുനിക മെറ്റാ സ്മാർട്ട് ഗ്ലാസ് ഉപയോഗിച്ച് ഒളിക്യാമറ ഓപ്പറേഷന് ശ്രമം നടന്നതായി വെളിപ്പെടുത്തല്‍.
തന്നെ കാണാനെത്തിയ ഒരു പ്രമുഖ വ്യവസായി ഒളിക്യാമറ ഘടിപ്പിച്ച പ്രത്യേക കണ്ണട ധരിച്ചാണ് രഹസ്യ നീക്കത്തിന് മുതിർന്നതെന്ന് ഒരു സ്വകാര്യ ടിവി ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡി.കെ ശിവകുമാർ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാക്കളെ മാത്രം ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത നീക്കമാണിതെന്നും ബി.ജെ.പി-എൻ.ഡി.എ നേതാക്കളെ ഈ വ്യവസായി സന്ദർശിച്ചപ്പോള്‍ ഇത്തരം കണ്ണടകള്‍ ധരിച്ചിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഉദ്യോഗസ്ഥർ വഴി മുൻകൂട്ടി അനുമതി വാങ്ങിയാണ് വ്യവസായി തന്നെ കാണാനെത്തിയതെന്ന് ശിവകുമാർ പറഞ്ഞു. ബിസിനസ് കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയ ഇയാള്‍ പിന്നീട് സംഭാഷണം രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടുകയും ബൂത്ത് തല തന്ത്രങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കാൻ തുടങ്ങുകയും ചെയ്തതോടെയാണ് സന്ദർശകൻ ധരിച്ചിരുന്ന കണ്ണടയില്‍ സംശയം തോന്നിയത്.
തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും ഇതേ വ്യവസായി ഇതേ മെറ്റാ ഗ്ലാസ് ധരിച്ചിരുന്നതായി വിവരം ലഭിച്ചത്. എന്നാല്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ സന്ദർശിച്ചപ്പോള്‍ ഇയാള്‍ ഈ കണ്ണട ധരിച്ചിരുന്നില്ല. കോണ്‍ഗ്രസ് നേതാക്കളെ കെണിയിലാക്കാൻ ലക്ഷ്യമിട്ട് നടക്കുന്ന ഗൂഢാലോചനയാണിതെന്നും നേതാക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.




