കാബൂള്‍ : ഒരു കുടുംബം പോറ്റാൻ പോലും ബുദ്ധിമുട്ടാണെന്ന് പറയുന്ന ഇക്കാലത്ത് നാല് ഭാര്യമാരിലായി 58 മക്കളുമായി നട്ടം തിരിയുകയാണ് മുഹമ്മദ് സാദിഖ് .
ബിബിസി ഗ്ലോബല്‍ വിമൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാൻ സ്വദേശിയാണ് മുഹമ്മദ് സാദിഖ് .കടുത്ത ദാരിദ്ര്യം മൂലം ഭക്ഷണത്തിനും വസ്ത്രത്തിനും പോലും പണമില്ലാത്ത അവസ്ത . പലപ്പോഴും കുട്ടികള്‍ വിശന്ന് തളർന്നാണ് ഉറങ്ങുക.
മുഹമ്മദ് സാദിഖിന് 70-ലധികം മക്കളുണ്ടായിരുന്നു . ഇതില്‍ 58 പേർ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ട്. മൂന്ന് മാസം പ്രായമുള്ള കുഞ്ഞാണ് ഇളയ കുട്ടി. കൃത്യമായ വാതിലുകളോ ജനലുകളോ ഇല്ലാത്ത മണ്‍വീടുകളിലാണ് കുടുംബം താമസിക്കുന്നത്.വിറക് വാങ്ങാൻ പോലും പണമില്ലാത്തതിനാല്‍ ചിലപ്പോള്‍ കടലാസ് കത്തിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്.
ചെറുപ്രായത്തിലാണ് സാദിഖ് നാല് വിവാഹവും കഴിച്ചത് . കുട്ടികളെ പരിചരിക്കുന്നതിലും മുലയൂട്ടുന്നതിലും പരിചയക്കുറവുണ്ടായിരുന്നു. ക്ഷയരോഗം, വില്ലൻചുമ, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചാണ് ചില കുട്ടികള്‍ മരിച്ചത്.കാർ വില്‍പ്പനശാലയില്‍ ജോലി ചെയ്യുന്ന സാദിഖിന് ഒരു കാർ വിറ്റാല്‍ ലഭിക്കുന്നത് 1,000 അഫ്ഗാനി മാത്രമാണ്. ഏകദേശം 15 ഡോളറാണ് ഇത്. ഇതാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗം. എല്ലാ മക്കളുടെയും പേരുകള്‍ പോലും സാദിഖിന് ഓർമ്മയില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നാണ് സാദിഖ് പറയുന്നത്.




