പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

കല്ലറകൾ തുറക്കപ്പെടുമെന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന ദൈവ ദാസന്മാർക്കും ദൈവ മക്കൾക്കും എങ്ങനെ സ്വന്തം സഭയുടെ സെമിത്തേരിയിൽ ഒരു ശവകുഴി അനാഥർക്കും വിധവമാർക്കും വേണ്ടി തുറന്നു കൊടുക്കുവാൻ കഴിയാതെ വരുന്നു.
അംഗത്വം എടുത്തിട്ടില്ല കാശ് ഒന്നും തന്നിട്ടില്ല എന്നൊക്കെ പറഞ്ഞ് അടക്കം നിഷേധിക്കുന്നവർ ഓർത്തുകൊള്ളണം തികച്ചും ലജ്ജയായതിൽ നിങ്ങൾ മാനം കൊള്ളുന്നു. ഇത്തരത്തിലുള്ള വികൃതമായ കലാപരിപാടികൾ നടത്തുന്നവർ ദൈവമില്ലത്തവരുടെയും, സുവിശേഷ വിരോധികളുടെയും നടുവിൽ എന്ത് മാതൃകയാണ് കാണിക്കുന്നത്? ഇവിടെ നമുക്ക് ഒന്നും ഇല്ല, ഒന്നും വേണ്ട എന്ന് പഠിപ്പിക്കുകയും പറഞ്ഞും നടന്നിട്ട് ഒരിഞ്ച് സ്ഥലം പോലും നമ്മുടെ സെമിത്തേരികളിൽ ദീർഘകാലം വിശ്വാസികളായി ജീവിച്ച് മരിച്ച അഗതികൾക്കും അനാഥർക്കും കൊടുക്കുവാൻ നാം മടികാണിക്കുന്നുവെങ്കിൽ നമ്മുടെ പ്രസംഗങ്ങൾ വെറും വ്യർഥമാണ്. മനുഷ്യാ നീ മണ്ണാകുന്നു എന്ന് പറയുകയും മണ്ണിനെ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന പരീശ ഭക്തി അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രിയപ്പെട്ടവർ മരണപ്പെട്ട ദുഃഖത്തിൽ കഴിയുന്ന കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതും മുറിവേൽപ്പിക്കുന്നതും അപഹാസ്യമാണ്.
ഈ അടുത്ത ഇടയിൽ ബോംബെയിൽ മരണപ്പെട്ട സാധുവായ ഒരു ദൈവ ഭ്യത്യൻ്റെ ഭാര്യയെ അടക്കുവാൻ വിസമ്മതിച്ച കേരളത്തിലെ പെന്തക്കോസ് സഭ യഥാർത്ഥത്തിൽ ക്രിസ്തുവിൻ്റെ സഭയാണോ? ദീർഘ വർഷങ്ങൾ കർതൃവേലിയിൽ ആയിരുന്ന അനവധി ദൈവ ദാസമാരും അവരുടെ കുടുംബങ്ങളും കേരളത്തിൻ്റെ മണ്ണിൽ ഇപ്പോൾ തികച്ചും അഗതികളായി കഴിയുന്നുണ്ട്. സ്വന്തമായി അവർക്ക് പാർപ്പിടങ്ങൾ ഇല്ല, സമ്പാദ്യങ്ങളോ വിദേശ പണമോ വിദേശ ബന്ധങ്ങളോ ഇല്ല. ദാരിദ്ര്യവും കഷ്ടതയും അത്രേ അവരുടെ സമ്പത്ത്. ഇങ്ങനെയുള്ളവർ മരണപ്പെടുമ്പോഴെങ്കിലും മനുഷ്യത്വം കാണിക്കുവാൻ ദൈവം മക്കൾ എന്ന് പറയുന്നവർ മറക്കരുത്. ലോക്കൽ സഭകളും നേതൃത്വങ്ങളും സഭാ വ്യത്യാസം ഇല്ലാതെ ഇതിൽ സഹകരിച്ച് വേദനിക്കുന്ന കുടുംബങ്ങളെ ചേർത്ത് പിടിക്കുകയും മരിച്ചുപോയ വിശ്വാസിക്ക് തികച്ചും ബഹുമാനത്തോടെ ഉചിതമായ അന്ത്യ യാത്ര അയപ്പിന് യോഗ്യമായത് ചെയ്യേണ്ടതാണ് അതിന് അവർ യോഗ്യർ. ഇന്ന് കേരളത്തിൻ്റെ ഒട്ടു മിക്ക ഇടങ്ങളിലും സെല്ലുകൾ ആണ് ഏതെങ്കിലും ഒരെണ്ണം തുറന്ന് മരിച്ചുപോയ വ്യക്തിയെ ലോക്കൽ സഭകൾ ചേർന്ന് സംസ്കരിക്കുക അതാണ് യഥാർത്ഥ ദൈവസ്നേഹവും മനുഷ്യത്വവും
പണ്ടുള്ള കാലങ്ങളിൽ എന്തെങ്കിലും നടന്നാൽ ചുറ്റുവട്ടത്തുള്ളവർ പോലും ഒന്നും
അറിയില്ലായിരുന്നു. ഇന്ന് അറയിൽ മന്ത്രിക്കുന്നത് പുരമുകളിൽ ഘോക്ഷിക്കുകയാണ്. ആരെങ്കിലും ഒന്ന് തുമ്മിയാൽ അത് ഉലകത്തിൻ്റെ അങ്ങേയറ്റംവരെ എത്തിക്കുന്ന സോഷ്യൽ മീഡിയ നമ്മെ തുറിച്ച് നോക്കുകയാണ്. സഭാ ഹോളിനുള്ളിലും സമൂഹത്തിലും നാം കാട്ടിക്കൂട്ടുന്ന കലാപരിപാടികളും വികൃതികളും ഫേസ്ബുക്ക് എന്ന ദൂരദർശനിൽ തൽസമയം പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുകയാണ് .
കേരളത്തിൽ ഒട്ടനവധി സഭകളും സമിത്തേരികളും ഉണ്ട്. മിക്കവാറും സ്ഥലങ്ങളിൽ ചിലപ്പോൾ ഒരു കുടുംബം ആയിരിക്കും ഒരു സഭ. ഇന്ന് ദൈവ മക്കൾ നേരിടുന്ന വലിയ ഒരു പ്രശ്നമാണ് സെമിത്തേരി പ്രശ്നം. ചില സ്ഥലങ്ങളിൽ ദൈവ മക്കളുടെ ഇടയിൽ മരണപ്പെട്ട കുടുംബത്തെ അവഹേളിക്കുന്ന തരത്തിലുള്ള പ്രവർത്തികൾ സംഭവിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ദുഃഖത്തിൻ്റെ മേൽ ദുഃഖം കുടുംബങ്ങൾക്ക് വരുത്തുന്ന പ്രവർത്തികൾ ഭൂഷണമല്ല ഇത് ദൈവം വെറുക്കുന്നു. സാമുദായിക സഭകളിൽ സെമിത്തേരി തർക്കങ്ങൾ സർവ്വ സാധാരണമാണ്. ഇത് എങ്ങനെ ദൈവമക്കൾ എന്ന് അഭിമാനിക്കുന്നവരുടെ നടുവിൽ സ്ഥാനം പിടിച്ചു. കാരണം മറ്റൊന്നുമല്ല രക്ഷിക്കപ്പെട്ടു എന്നു പറയുന്ന നാം നമ്മുടെ പഴയ പ്രവർത്തികളെ ഉരിഞ്ഞ് കളഞ്ഞില്ല. കളം മാറിയെങ്കിലും പഴയ കളികൾ നമ്മെ പിന്തുടരുന്നു ഇത് വീണ്ടും ആവർത്തിക്കപ്പെടുന്നു ഒട്ടും ഭൂഷണമല്ല. നിങ്ങൾ ലോകത്തോട് അരൂപപ്പെടരുത് എന്ന് പ്രസംഗിക്കുകയും ലോകം പരിഹസിക്കുന്ന പ്രവർത്തികൾ
ചെയ്യുന്നത് എന്തൊരു കൂത്തുകാഴ്ചയാണ്. നാം നമ്മെ തന്നെ സൂക്ഷിക്കേണ്ടത് ആവശ്യം.
ഒന്നും സ്വന്തമല്ല എന്ന് പ്രസംഗിച്ചിട്ട് ഒരിഞ്ച് മണ്ണുപോലും കൊടുക്കാത്ത നമ്മളിൽ ദൈവ സ്നേഹവും മനുഷ്യ സ്നേഹവും എവിടെ? പ്രവർത്തിയില്ലാത്ത പ്രസംഗവും വിശ്വാസവും വെള്ളത്തിൽ വരയ്ക്കുന്ന വരയ്ക്ക് തുല്ല്യം. ഇനിയുള്ള നാളുകളിൽ ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ നാം നേരിടാതെ ഇരിക്കണമെങ്കിൽ പെന്തക്കോസ് സഭകൾ ഒരുമിച്ച് ചേർന്ന് കേരളത്തിൻ്റെ എല്ലാ ജില്ലകളിലും എവിടെയെങ്കിലും കുറഞ്ഞത് ഒന്ന് രണ്ട് ഏക്കർ സ്ഥലം അല്പം ദൂരത്തിൽ ആളൊഴിഞ്ഞ ഇടങ്ങളിൽ പഞ്ചായത്തിൻ്റെയും നാട്ടുകാരുടെയും സഹകരണത്തോടെ വാങ്ങി സെമിത്തേരികൾ ആക്കി മാറ്റേണ്ടത് വളരെ ആവശ്യം. എല്ലായിടത്തും വാഹനങ്ങളും റോഡുകളും ഉള്ളതുകൊണ്ട് അല്പം വിദൂരത്തിൽ സെമിത്തേരികൾ ഉണ്ടാക്കിയാലും കുഴപ്പമില്ല. സഭാ ഹോളിനോട് ചേർന്ന് സെമിത്തേരി വേണമെന്ന് എന്തിനാണ് ചിലർ നിർബന്ധം പിടിക്കുന്നത്? വടംവലികൾ അവസാനിപ്പിച്ച് ഇതിനുള്ള പദ്ധതികൾ സഭാ തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. കോടികൾ ചിലവഴിച്ചുള്ള വർഷാനന്തര കൺവെൻഷനുകളിൽ ഇറങ്ങാത്ത ദൈവസ്നേഹവും ദൈവ അനുഗ്രഹങ്ങളും ഇത്തരത്തിലുള്ള നമ്മുടെ നല്ല പ്രവർത്തികളിലൂടെ ദേശത്ത് പെയ്തിറങ്ങും. അശണർക്കും അനാഥർക്കും നാം തുണയാകുന്നില്ല എങ്കിൽ നമ്മുടെ പ്രവർത്തികൾക്ക് വചനവും ആയി ഒരു ബന്ധവും ഇല്ല. സാധുക്കളുടെ കണ്ണുനീര് കാണുന്ന ദൈവം ഉയരത്തിൽ ഉണ്ട് എന്നുള്ള യാഥാർത്ഥ്യം നമ്മൾ മറക്കരുത്. എളിയവരോട് കൃപ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കുന്നു. (സദൃശ്യ 19: 17)




