കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങൾ; കാര്യസ്ഥൻ രവീന്ദ്രൻ നായർ അറസ്റ്റിൽ

തിരുവനന്തപുരം: കരമന കൂടത്തിൽ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ വർഷങ്ങൾക്കുശേഷം പ്രതി അറസ്റ്റിൽ. കുടുംബത്തിലെ കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് അറസ്റ്റിലായത്. ബ്രെയിൻ മാപ്പിങ്ങിലൂടെയാണ് കൊലപാതകത്തിൽ പ്രതിയുടെ പങ്ക് കണ്ടെത്തിയതെന്ന് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചു. 15 വർഷത്തിനിടെ കൂടത്തിൽ കുടുംബത്തിൽ നടന്ന ഏഴ് മരണങ്ങൾ സംബന്ധിച്ച് ദുരൂഹത ഉടലെടുത്തിരുന്നു.

ഒമ്പതുവർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജില്ലാ ക്രൈംബ്രാഞ്ച് കേസിന്റെ ചുരുളഴിച്ചത്. ചൊവ്വാഴ്ച ചോദ്യംചെയ്യലിനായി രവീന്ദ്രൻ നായരെ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

പ്രതി രവീന്ദ്രന്‍ നായര്‍

2017-ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കാലടിയിലെ കൂടത്തിൽ കുടുംബാംഗം ജയമാധവൻ നായരുടെ മരണത്തിൽ അസ്വാഭാവികത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. 15 വർഷത്തിനിടെ ഈ കുടുംബത്തിൽ നടന്ന ഏഴ് ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മറ്റു മരണങ്ങളിൽ തെളിവുകൾ കണ്ടെത്താനായിരുന്നില്ല.

കുടുംബത്തിലെ അവസാനത്തെ കണ്ണിയായിരുന്നു ജയമാധവൻ നായർ. കട്ടിലിൽനിന്ന് വീണ് തലയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചുവെന്നാണ് കാര്യസ്ഥനായ രവീന്ദ്രൻ നായർ ബന്ധുക്കളോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു.

ജയമാധവൻ നായരുടെ ഭൂമി രവീന്ദ്രൻ നായർ സ്വന്തം പേരിലേക്ക് എഴുതിവാങ്ങിയിരുന്നു. ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടവരുടെ മൊഴികളിലെ വൈരുധ്യവും തൊട്ടടുത്ത് ആശുപത്രിയുണ്ടായിട്ടും ദൂരെയുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതും ക്രൈംബ്രാഞ്ചിന്റെ സംശയം വർധിപ്പിച്ചു. തുടർന്ന് നടത്തിയ ബ്രെയിൻ മാപ്പിങ് പരിശോധനയിലാണ് കൊലപാതകവിവരങ്ങൾ പുറത്തുവന്നതും അറസ്റ്റ് ഉണ്ടായതും.