റിയാദ് വിമാനത്താവളത്തില്‍ ഇരട്ട മിസൈല്‍ ആക്രമണം; സൗദിയ പൈലറ്റടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഇരട്ട മിസൈല്‍ ആക്രമണത്തില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റടക്കം മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു.

നിരവധി പേര്‍ക്ക് പരിക്കേറ്റു. വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിരീകരിച്ചു. സൗദി ദേശീയ വിമാനക്കമ്പനിയായ സൗദിയ എയര്‍ലൈന്‍സിന്റെ ക്യാപ്റ്റന്‍ ഹമൂദ് അലി അല്‍ ഖല്‍ത്താമിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കമ്പനി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ക്യാപ്റ്റന്റെ സേവനങ്ങളെ ആദരവോടെയും കൃതജ്ഞതയോടെയും സ്മരിക്കുന്നതായി സൗദിയ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ വിമാനത്തില്‍ യാത്രക്കാരുണ്ടായിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. രണ്ട് ഘട്ടങ്ങളിലായാണ് ആക്രമണം നടന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ആദ്യ ആക്രമണം വിമാനത്താവളത്തിലെ വിവിധ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന സൗദിയ എയര്‍ലൈന്‍സ് വിമാനത്തിനു നേരെയായിരുന്നു.

ആക്രമണത്തില്‍ വിമാനത്തിന് തീപിടിക്കുകയും കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വിമാനത്താവളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിനുമായി അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു. ആക്രമണത്തിന്റെ സാഹചര്യങ്ങളും ഉത്തരവാദിത്തവും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.