‘ലോകത്തിനാകെ നിങ്ങളൊരു നായകനാണ്’; സ്മിത്ത് മച്ഛാറുമായി സംസാരിച്ച്‌ ബെഞ്ചമിൻ നെതന്യാഹു

ഫ്ലൈദുബായ് വിമാനത്തിലെ കോക്പിറ്റില്‍ സഹപൈലറ്റിന്റെ ആക്രമണം നേരിട്ട ഇന്ത്യാക്കാരനായ പൈലറ്റ് ക്യപ്റ്റൻ സ്മിത്ത് മച്ഛാറുമായി സംസാരിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

സ്മിത് മച്ഛാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രയേലിന്റെ അടുത്ത സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് നെതന്യാഹു ക്ഷണിച്ചു. സഹപൈലറ്റ് ആക്രമിച്ചത് എങ്ങനെയെന്ന് നെതന്യാഹുവിനോട് സ്മിത് മച്ചാർ വിവരിച്ചു. പ്രാർത്ഥിക്കാനായി എഴുന്നേറ്റ ഒമാനി പൈലറ്റ് തലയ്ക്ക് പലവട്ടം അടിച്ചെന്നും കാഴ്ച മങ്ങിയതിനാല്‍ ആദ്യം പ്രതിരോധിക്കാനായില്ലെന്നും മച്ചാർ നെതന്യാഹുവിനോട് പറഞ്ഞു.

ആദ്യം കോക്പിറ്റ് ഡോർ തുറക്കാനായെങ്കിലും സഹപൈലറ്റ് വീണ്ടും അത് അടച്ചു. ആത്മവിശ്വാസം വീണ്ടെടുത്ത് കോക്ക്പിറ്റ് ഡോർ വീണ്ടും തുറക്കുകയായിരുന്നു. പിന്നാലെ യാത്രികർ കോക്പിറ്റിലേക്ക് കയറി സഹ പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും മച്ചാർ വ്യക്തമാക്കി. “ഇസ്രയേലിനും ഇന്ത്യയ്ക്കും മാത്രമല്ല, ലോകത്തിനാകെ നിങ്ങളൊരു നായകനാണ്. ഇസ്രയേലിന്റെ സ്വാതന്ത്ര്യദിനത്തില്‍ ദീപശിഖ തെളിയിക്കാൻ നിങ്ങളെ ഞാൻ ക്ഷണിക്കുന്നു,” സംഭാഷണത്തിനിടെ നെതന്യാഹു മച്ഛാറിനോട് പറഞ്ഞു.

170-ലധികം യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന ഫ്ലൈദുബായ് വിമാനമായ FZ1073-ലാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ മച്ഛാർ നിലവില്‍ ചികിത്സയിലാണ്. അടിയന്തരശസ്ത്രക്രിയക്ക് വിധേയനായ മച്ചാറിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരിയാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. ചികിത്സയില്‍ കഴിയുന്ന സ്മിത്ത് മച്ചാററിനെ ഇന്നലെ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ സന്ദർശിച്ചിരുന്നു. സ്മിത്ത് മച്ചാറിനെതിരായ സഹപൈലറ്റിന്റെ ആക്രമണം ഭീകരാക്രമണ നീക്കമെന്ന് യുഎഇ സ്ഥിരീകരിച്ചിരുന്നു.