മുഖ്യമന്ത്രിയുടെ മാതാവ് വിലാസിനിയമ്മ ഞങ്ങളുടെ അമ്മയാണ്

ഷാജി ആലുവിള

കഴിഞ്ഞ ദിവസം കേരളാ മുഖ്യമന്ത്രി വി ഡി സതീശനെ പരസ്യമായി കടന്നാക്രമിച്ചുകൊണ്ട് ഒരു സ്ത്രീ ചാനൽ റിപ്പോർട്ടർമാരുടെ മുമ്പിൽ അസഭ്യം പറയുന്നത് എല്ലാവരും കണ്ടു. വ്യക്തിപരമായി മുഖ്യമന്ത്രിയെ വിമർശിക്കുകയല്ല അവർ ചെയ്തത്. മറിച്ച് അദ്ദേഹത്തിന് ജന്മം കൊടുത്ത ആ അമ്മയെ ആണ് ആക്ഷേപിച്ചത്.

ആ പ്രിയ മാതാവ് മൺമറഞ്ഞിട്ട് ഇരുപത്തിയേഴ് വർഷമായി. എന്നിട്ടും ആ അമ്മയെ വെറുതെ വിടുന്നില്ല ആ സ്ത്രീ. 1999 ൽ അന്തരിച്ച അമ്മയെ എങ്ങനെയാണ് മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സിക്കുന്നത്. വിവരവും ബോധവുമുള്ള ഒരാൾക്കും അങ്ങനെ പറയാൻ പറ്റില്ല. ഇതിനെയാണ് രാഷ്ട്രീയ ഭ്രാന്തെന്ന് വിളിക്കേണ്ടത്.

ആദ്യമേ തന്നെ ആ മാതാവിന് ഒരു ബിഗ് സല്യൂട്ട്. ഒപ്പം പ്രണാമവും. കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ജന്മം നൽകി വളർത്തി പഠിപ്പിച്ച് രാഷ്ട്രീയ കേരളത്തിന് സംഭാവന ചെയ്തതിനാണ് വിലാസിനി അമ്മ എന്ന മാതാവിന് ആ സല്യൂട്ട്.

രാഷ്ട്രീയ സംഘടനകളുടെ ആത്മാർത്ഥത ഏതൊരു രാജ്യത്തിന്റെയും പുരോഗമന മുന്നേറ്റത്തിന്റെ അഭിവാജ്യ ഘടകമാണ്. അതുപോലെ തന്നെയാണ് രാഷ്ട്രീയ നേതാക്കന്മാരും. അവരുടെ സംഭാവനകൾ നമുക്ക് മറക്കുവാൻ പറ്റുന്നതല്ല. രാഷ്ട്രീയത്തിൽ ഒരു സ്ഥാനവും സ്ഥിരമല്ല. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുംr ഒക്കെ ആകും. ഇന്നത്തെ മുഖ്യമന്ത്രി പിന്നീട് വെറും എം എൽ എ യായി എന്നുംവരാം

കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ കേരളത്തിന്റെ പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത വ്യക്തിയാണ് വി ഡി സതീശൻ. അദ്ദേഹം, പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള കേരളത്തിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രിയോട് രാഷ്ട്രീയ നിലയിൽ വിയോജിപ്പ് കണ്ടേക്കാം. തന്റെ പ്രവർത്തനശൈലിയോട് എതിർപ്പ് ഉണ്ടായേക്കാം. അദ്ദേഹത്തിന്റെ മന്ത്രി സഭാഅംഗംങ്ങളോട് ഇഷ്ടക്കേടുകൾ കണ്ടേക്കാം. തെറ്റുകൾ തിരുത്തിയും, ഇഷ്ടക്കേടുകൾ പറഞ്ഞും, നാടിന്റെ നന്മക്ക് പൊതുവായി സംസാരിക്കുന്ന വേദിയാണ് നിയമ സഭ. അവിടെ കയ്യേറ്റം വരെ എത്തിയ സംഭവങ്ങൾ കേരള ജനത കണ്ടതാണ്. അന്നൊന്നും ആരും ആരുടെയും അപ്പനും അമ്മക്കും വിളിച്ച് അസഭ്യം പറഞ്ഞിട്ടില്ല. പവിത്രമായി സംസാരിക്കണ്ട സ്ഥലം ആണ് നിയമ സഭ.

എന്നാൽ കഴിഞ്ഞ ദിവസം ആ സ്ത്രീ നടുറോഡിൽ ഓടിയും നടന്നും പറഞ്ഞ പുലഭ്യം കേരളത്തിനോ കേരളരാഷ്ട്രീയത്തിനോ യോജിച്ചതല്ല. ആശുപത്രിയിൽ മരുന്നോ കിടക്കയോ ചികിത്സയോ ഇല്ല എങ്കിൽ നിയമപരമായി ഏത് പൗരനും ആരോഗ്യവിഭാഗത്തിൽ പരാതി നൽകാം. അത് ലഭ്യമാക്കേണ്ടത് നമ്മുടെ ആവശ്യമാണ്. അത് നമ്മുടെ അവകാശമാണ്.

അതിനു പകരം അവർ അവിടെ നടത്തിയ കോപ്രായ പ്രകടനം ആരെ സുഖിപ്പിക്കാനായിരുന്നു? ആരാണ് ആ ഊർജം അവർക്ക് പകർന്നത്? അവർ വിശ്വസിക്കുന്ന രാഷ്ട്രീയം ഏതായാലും അതിന്റെ പ്രത്യശാസ്ത്രത്തിൽ അമ്മമാർക്ക് കൊടുക്കുന്ന ബഹുമാനവും സ്ഥാനവും അവർക്ക് അറിയില്ല എങ്കിൽ അത് അവർ പഠിക്കണം, അവരെ പഠിപ്പിക്കണം.

തത്വത്തെ തത്വം കൊണ്ട് ഖണ്ഡിക്കം, വിശ്വാസത്തെ വിശ്വാസം കൊണ്ട് ഖണ്ഡിക്കം, രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് ഖണ്ഡിക്കം പക്ഷെ ആരുടെയും വ്യക്തിത്വത്തെ അമ്മക്കും അച്ഛനും എതിരെ തെറിപറഞ്ഞു നേരിടുന്ന രാഷ്ട്രീയം ഭോഷത്വവും വിവരക്കേടുമാണ്.

കൊടിയുടെ നിറം എന്തുമാകട്ടെ നാടിനും നാട്ടുകാർക്കും നന്മ ചെയ്യുന്നവരായിരിക്കണം ഭരണകർത്താക്കൾ. അത് ചെയ്യുന്നില്ലെങ്കിൽ പ്രതികരിക്കുവാനും തിരുത്താനും പല വഴികൾ ഇവിടെയുണ്ട്. അണികളെക്കൊണ്ട് ഇങ്ങനെ ആക്ഷേപിക്കുന്ന പ്രവണതകൾ നമ്മുടെ നാടിന്‌ ആക്ഷേപം ആണ്. ഒരു നേതാക്കളും അതിനെ പ്രോത്സാഹിപ്പിക്കരുത്.

എന്തോ ആവേശത്തിന് മുഖ്യമന്ത്രിയുടെ അമ്മയുടെ പേരിൽ നടത്തിയ ആക്രോശത്തിന്റെ വിപത്ത് അവർ ഓർത്തില്ല. അല്ല എന്തെങ്കിലും നടപടി വന്നാൽ സംരക്ഷിക്കാൻ എനിക്ക് ആരോ ഉണ്ടെന്നുള്ള, ഒരു വിശ്വാസം ഉണ്ടെന്ന് കാണുന്ന ആർക്കും മനസിലാകും.

ജീവന്റെ ഉറവിടവും, സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രതീകമാണ് ‘അമ്മ.
മിക്ക സംസ്ക്കാരങ്ങളിലും മതങ്ങളിലും മാതാവിന് ദൈവതുല്യമായ സ്ഥാനമാണ് കൊടുക്കുന്നത്. ആ സ്ഥാനം രാഷ്ട്രീയത്തിലും നാം കാണിക്കണം.

മുഖ്യമന്ത്രിയുടെ അമ്മയെക്കൂട്ടി ആക്ഷേപിച്ച ആ സ്ത്രീയും ഒരമ്മ ആയിരിക്കാം. അവരുടെ സംസാരത്തിൽ ചിലർക്ക് ചിരിയും സന്തോഷവും വന്നേക്കാം. ആ രീതി നമ്മുടെ സംസ്‌കാരത്തിന് ഒട്ടും ചേർന്നതല്ല എന്ന്‌ എത്രപേർ ചിന്തിക്കുന്നുണ്ട്. ഈ പ്രവണത ഒരു രാഷ്ട്രീയ നേതാവിനോടും ആരും കാണിക്കരുത്. അത് തിരുത്തപ്പെടണം. “ആനക്ക് ഭ്രാന്ത് ഇളകിയാൽ ചങ്ങലക്കിടാം; ചങ്ങലക്ക് ഭ്രാന്തിളകിയാൽ എന്ത് ചെയ്യും?”