പോർക്കളത്തിലോ? കളിക്കളത്തിലോ?

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

യൂണിഫോം പെന്തക്കോസിൻ്റെത് എന്നാൽ ഏത് ടീമിൽ ആണ് ഇപ്പോൾ ഉള്ളത് എന്ന് ദയവായി ആരും ചോദിക്കരുത്. കാലം മാറിയില്ലയോ? കാശും കാറും കൂട്ടുകാരും കൊട്ടാരങ്ങളും ഒക്കെ ആയില്ലെ. ഇനിയിപ്പോൾ വലിയ കുഴപ്പമില്ലാതെ അങ്ങ് പോകണം. ഇതൊക്കെയാണ് ഇന്നുള്ള പലരുടെയും ചിന്തകൾ. സാക്ഷാൽ ജീവിതവും ധരിച്ചിരിക്കുന്ന പെന്തക്കോസിന്‍റെ യൂണിഫോമും ആയി ഒരു ബന്ധവുമില്ലാത്ത ഓട്ടം. സാധുക്കളായ വിശ്വാസികളുടെ കയ്യിൽ നിന്നും ഉലകം ചുറ്റി കിട്ടുന്നതും എല്ലാം ദൈവം അനുഗ്രഹിച്ചു എന്ന ലേബലിൽ പോക്കറ്റിൽ താഴ്ത്തി തെരഞ്ഞെടുപ്പിൻ്റെ കളിക്കളത്തിലും സ്വന്തം മോഹങ്ങളുടെ കളിക്കളത്തിലും വാരി വിതറി തലപ്പാവണിഞ്ഞ ചക്രവർത്തി പോലെ അഭിനയിക്കുന്നത് പെന്തക്കോസിൻ്റെ ദുരന്തം.

വെള്ളമില്ലാതെ വരണ്ട് കിടക്കുന്ന വേമ്പനാട്ട് കായൽ പോലെ വിശുദ്ധിയുടെയും വേർപാടിൻ്റെയും പോർക്കളം കൊടും വരൾച്ചയിൽ ആണ്. സത്യത്തിൻ്റെയും നീതിയുടെയും വിശ്വാസത്തിൻ്റെയും പടച്ചട്ടയണിഞ്ഞ വീരന്മാരെയാണ് ലോകത്തിൻ്റെ പൊർക്കളത്തിൽ ദൈവസഭയ്ക്ക് ആവശ്യം. പെന്തക്കോസ് ഇപ്പോൾ കലാകാരന്മാരെ കൊണ്ട് നിറഞ്ഞ ഒരു കളിക്കളം ആയി മാറി. അതിവിദഗ്ധനായ ചെസ്സ് കളിക്കാരൻ

തൻ്റെ കയ്യിലുള്ള ബിഷപ്പിനെ (മലയാളത്തിൽ ആന) കളം മാറ്റുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും കളം മാറ്റി ചവിട്ടി കഥാപുരുഷന്മാരാകുകയാണ്. ഇന്ന് ഒരു ഉപദേശം നാളെ വേറൊന്ന്. ഇന്ന് ഒരു ആരാധന നാളെ വേറൊരു സ്റ്റൈൽ. ആളും ആൾക്കൂട്ടവും നോക്കി ദൂതുകൾ കൈ മാറുന്നു. ഇതെല്ലാം വെറും നിലനിൽപ്പിനും സ്വാർത്ഥ താൽപര്യങ്ങൾക്കും വേണ്ടി മാത്രം എന്ന സത്യം മറക്കരുത്. കുഴലൂത്തുകാരും വോട്ട് പിടുത്തക്കാരും പാദസേവ ചെയ്യുന്നവരും തിരുകി കയറ്റിപ്പറ്റിയവരെ കൊണ്ടും കളിക്കളം നിറഞ്ഞിരിക്കുകയാണ്. ഇവിടെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ അങ്ങനെ പരിശുദ്ധാത്മാവും പരിശുദ്ധ വചനങ്ങളും പുറത്ത്.

ദൈവസഭ പോർക്കളം വിട്ട് കളിക്കളത്തിലേക്ക് ഇറങ്ങിയപ്പോൾ അഴകിനും അലങ്കാരങ്ങൾക്കും പ്രാധാന്യം വർദ്ധിച്ചു. അനുഭവം പ്രാപിച്ചവർ ആത്മീയ പോളിയോ പിടിച്ച് എങ്ങോ ചുരുണ്ട് കിടക്കുന്നു. വേദികൾ കളിക്കളമായി മാറിയപ്പോൾ ആർക്കും എന്തും കയറി പിടിപാടിൻ്റെയും പണത്തിൻ്റെയും മറവിൽ വിളമ്പാം. സാധുക്കളായ വിശ്വാസികൾ ഒന്നും ചെയ്യുവാൻ കഴിയാതെ കേട്ട് കുഴയുന്നു. ഇതൊന്നും സ്വർഗ്ഗത്തിൽ വിലപ്പോകില്ല.

പോർക്കളത്തിൽ ഉള്ള വിശ്വാസി ആഗ്രഹിക്കുന്നത് എങ്ങനെയെങ്കിലും ജയിക്കണം ആയുധം വെച്ച് കീഴടങ്ങാൻ അവൻ തയ്യാറല്ല. കളിക്കളത്തിലെ ആഗ്രഹം എങ്ങനെയെങ്കിലും കയറിക്കൂടി ഒരു ഷോ നടത്തി കയ്യടി വാങ്ങണം കാശുണ്ടാക്കണം. പോർക്കളത്തിൽ ഉള്ളവൻ ആയുധം സൂക്ഷിക്കും അവൻ വെറും ആകാശത്തെ കുത്തുന്ന മുഷ്ട്ടി യുദ്ധം അല്ല ചെയ്യുന്നത്. ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. അത് വെറും ഒരു ചവിട്ടു നാടകം അല്ല .

കരകൗശല ശാലയിൽ വസ്തുവകകൾ പ്രദർശിപ്പിക്കുന്നത് പോലെ നമ്മെയും നമുക്ക് ഉള്ളതിനെയും പ്രദർശിപ്പിക്കുന്ന വേദികളായി പെന്തക്കോസ് മാറിയെങ്കിൽ അത് ഹിരോഷിമയിൽ പൊട്ടിയ ബോംബിനേക്കാൾ ഭീകരമാണ്. ആത്മ പ്രശംസക്കാരും സ്വസ്നേഹികളും സഭകളിൽ തലപൊക്കിയപ്പോൾ അഭിഷേകവും ആരാധനയും വെറുമൊരു കലാപരിപാടിയായി മാറി. അന്യഭാഷ അന്യമായി മാറി. കളിക്കളത്തിൽ ഓട്ടവും ചാട്ടവും ഉന്തും തള്ളലും തുള്ളലും വാശിയും എല്ലാം ഉണ്ട്. കാണികൾ ചിന്തിക്കും എത്ര നല്ല കളിക്കാർ. എന്നാൽ ഓർക്കണം അവർക്ക് ഇതൊക്കെ വെറും ഒരു നേരം പോക്കും ഹരവും പിന്നെ കുറേ അഭിനയവും അത്രേ.

കാശ് വാരിയെറിഞ്ഞ് ഓർഡിനേഷനും സ്ഥാനമാനങ്ങളും വേദികളും പിടിച്ചെടുക്കാം എന്നാൽ ഓർക്കുക പരിശുദ്ധാത്മാവ് നമ്മുടെ തുട്ട് കണ്ട് പ്രമോഷൻ തന്ന് നമ്മെ ആരെയും സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകില്ല. നമ്മുടെ യോഗ്യത സ്വർഗ്ഗം തെളിയിക്കുന്നത് എത്ര പ്രാവശ്യം പ്ലെയിനിൽ സഞ്ചരിച്ചുവെന്നും എത്ര രാജ്യങ്ങൾ കറങ്ങി അടിച്ചു എന്ന അടിസ്ഥാനത്തിൽ അല്ല. പോർക്കളത്തിൽ വിശ്വസ്തനായിരുന്ന് ആയുധം സൂക്ഷിച്ചുവോ? പടച്ചട്ട ഊരി മാറ്റിയോ? യുദ്ധം ജയിച്ചുവോ? ചിന്തിക്കേണ്ടിയിരിക്കുന്നു. നെഹമ്യാവും കൂട്ടരും കുളിക്കുന്ന സമയത്ത് കൂടെ ആയുധം ധരിച്ചിരുന്നു. ഇതാണ് ഒരു സാക്ഷാൽ പൊർക്കളത്തിലുള്ള പടയാളി ചെയ്യുന്നത്. ഉദാസീനതയോടെ യുദ്ധഭൂമിയിൽ നിൽക്കുവാൻ അവന് കഴിയില്ല. നാട് ചുറ്റി ഒടുവിൽ നരകത്തിൽ പോകാതിരിക്കുവാൻ ബദ്ധപ്പെടാം. കാശിട്ട് തട്ടിയും
കൈ മണി അടിച്ചും ഒടുവിൽ കരച്ചിലൂടെ പുറത്ത് പോകുവാൻ സംഗതി വരരുതേ!