ഡ്യൂട്ടി മാറുന്നതിനെ ചൊല്ലി തര്‍ക്കം; സി.ഐ.എസ്.എഫ് ജവാന്റെ വെടിയേറ്റ് നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ സി.ഐ.എസ്.എഫ്. ജവാൻ സഹപ്രവർത്തകർക്ക് നേരെ നടത്തിയ വെടിവെപ്പിൽ അസിസ്റ്റന്റ് കമാൻഡന്റ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

അസിസ്റ്റന്റ് കമാൻഡന്റ് അങ്കിത് കുമാർ പാണ്ഡെ, സബ് ഇൻസ്പെക്ടർ ലക്ഷ്മൺ സിംഗ്, കോൺസ്റ്റബിൾമാരായ റഫീഖ് അഹമ്മദ്, സന്ദീപ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

കത്വയിലെ ബാസോലി പ്രദേശത്ത് ഹിമാചൽപ്രദേശ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ‘സേവാ’ ജലവൈദ്യുത പദ്ധതിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന ക്യാമ്പിലാണ് സംഭവമെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു.

ഉദ്യോഗസ്ഥർ തമ്മിലുണ്ടായ വാക്കുതർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
വൈകുന്നേരം ഡ്യൂട്ടി മാറുന്ന സമയത്ത് ജവാന്മാർ തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തർക്കം കടുത്തതോടെ പ്രകോപിതനായ ഹെഡ് കോൺസ്റ്റബിൾ അവ്ദേഷ് കുമാർ സിംഗ് തനിക്ക് നൽകിയിരുന്ന ഔദ്യോഗിക AK-47 റൈഫിൾ ഉപയോഗിച്ച് സഹപ്രവർത്തകർക്ക് നേരെ തുരുതുരാ വെടിയുതിർക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് .
വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ നാല് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

വിവരം ലഭിച്ച ഉടൻതന്നെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സി.ഐ.എസ്.എഫ് ഉന്നതരും സ്ഥലത്തെത്തി കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

വെടിയുതിർത്ത 2009 ബാച്ച് ഹെഡ് കോൺസ്റ്റബിളായ അവ്ദേഷ് കുമാർ സിംഗിനെ മറ്റ് സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കീഴ്‌പ്പെടുത്തുകയും ജമ്മു കശ്മീർ പോലീസിന് കൈമാറുകയും ചെയ്തു.
സംഭവത്തേക്കുറിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.